image

18 Feb 2025 10:09 AM GMT

World

ഇറക്കുമതി തീരുവ കുറയ്ക്കാന്‍ നീക്കം

MyFin Desk

indias move to reduce import duties
X

Summary

  • ആഗോള വ്യാപാര രംഗത്ത് സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യം
  • പ്രധാനമായും യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ ആയിരിക്കും വെട്ടിക്കുറയ്ക്കുക
  • എന്നാല്‍ ഈ നടപടി ആഭ്യന്തര വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ലെന്നും വിലയിരുത്തല്‍


ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നിര്‍ണായക നീക്കവുമായി ഇന്ത്യ. ആഗോള വ്യാപാര രംഗത്ത് സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യമെന്ന് ധനമന്ത്രി.

പ്രധാനമായും യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവയായിരിക്കും ഇന്ത്യ വെട്ടികുറയ്ക്കുകയെന്നാണ് ധനമന്ത്രി നിര്‍മലാ സീതാ രാമന്‍ നല്‍കുന്ന സൂചന. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.

നിലവില്‍ യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുപതിലേറെ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ട്. അതേസമയം തീരുവ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ലെന്നാണു സൂചന. ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണ്. നിക്ഷേപക സൗഹൃദ രാജ്യമായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സാമ്പത്തിക മാന്ദ്യം പോലുള്ള വെല്ലുവിളി നേരിടാതിരിക്കാനും ഇത് ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടേണ്ട എന്നുള്ള നിലപാടാണ് ഇന്ത്യയുടേത്.

നേരത്തെ കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ്, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് അന്ന് കുറച്ചത്. ഇനി വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കൂടി ഇന്ത്യ കുറച്ചേക്കും.

ആഗോളതലത്തില്‍ നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണ് അമേരിക്ക. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18% വും അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.2ശതമാനം വരും ഇത്. യന്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ധനം, ഇരുമ്പ്, സ്റ്റീല്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, കെമിക്കലുകള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്.