11 March 2025 3:55 PM IST
Summary
- ഇന്ത്യയും യുഎസും വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യും
- ഇന്നുവരെ, ഇന്ത്യയ്ക്ക് മേല്‍ യുഎസ് താരിഫുകള്‍ ചുമത്തിയിട്ടില്ല
- താരിഫുകള്‍ സംബന്ധിച്ച് ഇതുവരെ ഒരു കരാറിലും എത്തിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി
ഇന്ത്യയും യുഎസും ഒരു വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുന്നതായി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. വിപണിയിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിലും ഇറക്കുമതി തീരുവയും താരിഫ് ഇതര തടസ്സങ്ങളും കുറയ്ക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന കരാറായിരിക്കും അത്. വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്നുവരെ, ഇന്ത്യയ്ക്ക് മേല്‍ യുഎസ് താരിഫുകള്‍ ചുമത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയും യുഎസും വാണിജ്യം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ ഒരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയും പ്രഖ്യാപിക്കപ്പെട്ടു.
2023 ല്‍ യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 190.08 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021-24 കാലയളവില്‍, അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു. ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യ യുഎസുമായി ഇടപഴകുന്നത് തുടരുമെന്നും പ്രസാദ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യാപാര താരിഫുകള്‍ സംബന്ധിച്ച് ഇതുവരെ ഒരു കരാറിലും എത്തിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പാര്‍ലമെന്ററി പാനലിനോട് പറഞ്ഞു.
ഇന്ത്യ തങ്ങളുടെ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല അവകാശവാദങ്ങളെക്കുറിച്ച് ബര്‍ത്ത്വാള്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റിയെ ധരിപ്പിച്ചു.
2023-24 ല്‍, ഇന്ത്യ യുഎസിലേക്ക് 17.62 ബില്യണ്‍ യുഎസ് ഡോളറിന്റെ എഞ്ചിനീയറിംഗ് സാധനങ്ങള്‍ കയറ്റുമതി ചെയ്തു. മറ്റ് പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഇലക്ട്രോണിക്‌സ് (10 ബില്യണ്‍ യുഎസ് ഡോളര്‍), രത്‌നങ്ങളും ആഭരണങ്ങളും (9.9 ബില്യണ്‍ യുഎസ് ഡോളര്‍), പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (5.83 ബില്യണ്‍ യുഎസ് ഡോളര്‍), തുണിത്തരങ്ങള്‍ (4.7 ബില്യണ്‍ യുഎസ് ഡോളര്‍), സമുദ്രോല്‍പ്പന്നങ്ങള്‍ (2.5 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവ ഉള്‍പ്പെടുന്നു.