image

30 Dec 2023 7:07 AM GMT

World

ഇന്ത്യ-യുകെ വ്യാപാര ചര്‍ച്ചയില്‍ ഇനി ഇവിയും സ്‌കോച്ച് വിസ്‌കിയും

MyFin Desk

ഇന്ത്യ-യുകെ വ്യാപാര ചര്‍ച്ചയില്‍  ഇനി ഇവിയും സ്‌കോച്ച് വിസ്‌കിയും
X

Summary

  • ഇവിയുടെ തീരുവ ഇളവില്‍ ഇതുവരെ തീരുമാനമായില്ല
  • ബൗദ്ധിക സ്വത്തവകാശത്തിലെ മിക്ക വ്യത്യാസങ്ങളും പരിഹരിച്ചു
  • വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഇന്ത്യ കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നു


ഇന്ത്യ-യുകെ വ്യാപാര ചര്‍ച്ചകളില്‍ ഇനി ഇലക്ട്രിക് വെഹിക്കിളും സ്‌കോച്ച് വിസ്‌കിയും പരിഗണിക്കും. ഇവ സംബന്ധിച്ച തീരുവ ഇളവുകള്‍, വിദഗ്ധ തൊഴിലാളികളുടെ മൊബിലിറ്റി ഉള്‍പ്പെടെയുള്ള സേവന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ദ്ദിഷ്ട എഫ്ടിഎ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടേക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശത്തിലെ (ഐപിആര്‍) മിക്ക പ്രശ്‌നങ്ങളും ഇരുപക്ഷവും പരിഹരിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ 26 അധ്യായങ്ങളാണ് കരാറിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയെങ്കിലും, സ്‌കോച്ച് വിസ്‌കിക്ക് കാര്യമായ കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ വേണമെന്ന ബ്രിട്ടീഷ് ആവശ്യം, ഇവികള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിയമം തുടങ്ങിയ സേവന മേഖലകളിലെ മാനദണ്ഡങ്ങള്‍ ഉദാരമാക്കുക തുടങ്ങിയ പ്രധാന പ്രശ്നങ്ങളില്‍ ഇരുപക്ഷത്തിനും ഇതുവരെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനായിട്ടില്ല.

പ്രൊഫഷണലുകളുടെ സുഗമമായ സഞ്ചാരത്തിനുള്ള ഇന്ത്യന്‍ ഡിമാന്‍ഡും ഇതില്‍ പെടുന്നു. ഇരു രാജ്യങ്ങളും 13 റൗണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു, അടുത്ത റൗണ്ട് 2024 ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്യും.

ഇന്ത്യന്‍ വ്യവസായം യുകെ വിപണിയിലെ ഐടി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നു. കൂടാതെ ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവകളില്ലാതെ വിപണി പ്രവേശനം ആവശ്യമാണ്.

മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഓട്ടോമൊബൈലുകള്‍ (ഇവികള്‍ ഉള്‍പ്പെടെ), ആട്ടിന്‍ മാംസം, ചോക്ലേറ്റുകള്‍, ചില മിഠായികള്‍ എന്നിവ പോലുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്താന്‍ യുകെ ശ്രമിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുകയും ചെയ്യുന്നു.

ഇന്ത്യയും യുകെയും 2022 ജനുവരിയിലാണ് സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) ചര്‍ച്ച ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ല്‍ 17.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 20.36 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. കൂടാതെ, ഒമാനുമായും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഎഫ്ടിഎ) ബ്ലോക്കുമായുള്ള നിര്‍ദ്ദിഷ്ട വ്യാപാര കരാറുകളെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.