11 Oct 2023 6:52 AM GMT
Summary
- യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ എഫ്ടിഎ ഒപ്പിട്ടേക്കും
- ന്യൂഡല്‍ഹിയില്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതം
ഇന്ത്യയും യുകെയും ഒക്ടോബര്‍ അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പിട്ടേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ ആവര്‍ത്തിച്ചിരുന്നു.
2022 -ല്‍ യുകെ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 3600 കോടി പൗണ്ടാണെന്ന് യുകെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് (ഡിബിടി) കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയില്‍ നിന്നുള്ള 30 അംഗ ഔദ്യോഗിക പ്രതിനിധി സംഘം തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. ഇതില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹാരം കണ്ടെത്തുമെന്നാണ് കരുതുന്നത്.
റെഡിമെയ്ഡ് വസ്ത്രങ്ങളും തുണിത്തരങ്ങളും, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയാണ് യുകെയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.സേവന മേഖലയില്‍, ഇന്ത്യന്‍ ഐടി സേവനങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിപണിയാണ് യുകെ. നിക്ഷേപ മേഖലയില്‍ യുകെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകരില്‍ ഒന്നാണ്. 2022-23 ല്‍, യുകെയില്‍ നിന്ന് 174 കോടി ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു. 2021-22 ല്‍ 100 കോടി ഡോളറായിരുന്നു അത്. ലോകബാങ്ക് കണക്കുകള്‍ പ്രകാരം 3.1 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയുള്ള യുകെ വളരെക്കാലമായി ഒരു സേവന മേഖലയിലെ പവര്‍ഹൗസാണ്.
കരാര്‍ സാധ്യമായാല്‍ ഇന്ത്യയ്ക്കും യുകെയ്ക്കും വലിയ അവസരങ്ങളാണ് മുന്നില്‍ തുറന്നുകിട്ടുക. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം, റോഡ്മാപ്പ് 2030, സമ്പദ്വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഹരിത സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഋഷി സുനകും നേരത്തെ വിലയിരുത്തിയിരുന്നു. പ്രാധാന്യവും പരസ്പര താല്‍പ്പര്യവുമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ ഇരു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു.
സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകളുടെ പുരോഗതിയും അവര്‍ അവലോകനം ചെയ്തു. ബാക്കിയുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരഹരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍പ്രത്യാശ പ്രകടിപ്പിക്കുന്നു.സന്തുലിതവും പരസ്പര പ്രയോജനകരവും മുന്നോട്ടുള്ളതുമായ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ഉടന്‍ സാധ്യമാകുമെന്നാണ് ഇരു രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.