19 Jan 2024 11:52 AM
Summary
- ജാപ്പനീസ് പാനീയ നിര്‍മ്മാതാക്കള്‍ സണ്‍ടോറി ഇന്ത്യയില്‍ പങ്കാളികളെ തേടുന്നു
- ചൈനയില്‍ വിദേശ തൊഴിലാളികള്‍ ഭിഷണിനേരിടുന്നതായും ആരോപണം
ചൈനയിലെ നിക്ഷേപ വിപുലീകരണം അപകടമാണെന്ന് അന്താരാഷ്ട്ര വ്യവസായ മേധാവികള്‍. ഇന്ന് നിക്ഷേപകര്‍ ഇന്ത്യക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ദാവോസില്‍ നടന്ന ദാവോസിലെ റോയിട്ടേഴ്സ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഫോറത്തില്‍ (ജിഎംഎഫ്) നടത്തിയ അഭിമുഖത്തില്‍ ജാപ്പനീസ് പാനീയ നിര്‍മ്മാതാക്കളായ സണ്‍ടോറിയുടെ സിഇഒ തകേഷി നിനാമിയാണ് ഇത് തുറന്നടിച്ചത്.
ബെയ്ജിംഗിലെ ബിസിനസില്‍ ഇന്ന് അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ചൈന ഇന്നും ആകര്‍ഷക വിപണിതന്നെയാണ്. എന്നാല്‍ അവിടെ ഒരു വിപുലീകരണം അപകടമാണെന്ന് കമ്പനി വിലയിരുത്തുന്നു. അതിനാല്‍ സണ്‍ടോറി ഇന്ന് ഇന്ത്യയിലാണ് വിപുലീകരണം ആസൂത്രണം ചെയ്യുന്നത്. കമ്പനി ഇവിടെ പ്രാദേശിക പങ്കാളികളെ തേടുകയാണ്.
ചൈനയില്‍ വിദേശ തൊഴിലാളികളെ തടഞ്ഞുവെക്കുന്ന നിയമങ്ങള്‍ വ്യവസായികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതായും നിനാമി പറഞ്ഞു. ചൈനയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ ആശങ്കാകുലരാണെന്നും നിനാമി കൂട്ടിച്ചേര്‍ത്തു.
ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലെ പ്രവര്‍ത്തന അന്തരീക്ഷത്തെക്കുറിച്ചും അവിടെ ഉല്‍പ്പാദനത്തെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ചും ആഗോള എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ ആശങ്കകള്‍ പ്രകടമാണ്.കഴിഞ്ഞ വര്‍ഷം ജാപ്പനീസ് മരുന്ന് നിര്‍മ്മാതാക്കളായ അസ്റ്റെല്ലസ് ഫാര്‍മയില്‍ നിന്നുള്ള ഒരു ജീവനക്കാരനെ ചാരവൃത്തി ആരോപിച്ച് ചൈന അറസ്റ്റ് ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.
ജാപ്പനീസ് കമ്പനികള്‍ വിയറ്റ്‌നാമിലേക്കും മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വിതരണ ശൃംഖലകള്‍ നീക്കി അപകടസാധ്യത കുറയ്ക്കാന്‍ ശ്രമിക്കുന്നു.
ഇത് ഒറ്റരാത്രികൊണ്ട് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സഹായിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാര്‍ച്ചിലോ ഏപ്രിലിലോ ബെയ്ജിംഗില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നൈനാമി പറഞ്ഞു.