9 Jan 2024 7:17 AM
Summary
- ചര്‍ച്ചകള്‍ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃര്‍ നിഷേധിച്ചു
- ഉഭയകക്ഷി വ്യാപാരത്തില്‍ ഉയര്‍ന്ന സാധ്യതകള്‍ നിലനില്‍ക്കുന്നു
- മിഡില്‍ ഈസ്റ്റിലേത് ഇന്ത്യയുടെ വളര്‍ന്നുവരുന്ന വിപണിയാണ്
ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്ടിഎ) അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ജനുവരി 16 മുതല്‍ ആരംഭിക്കും.
'ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നു. രണ്ട് റൗണ്ട് ഇന്‍-സെഷനല്‍ ചര്‍ച്ചകളും നിരവധി ഇന്റര്‍-സെഷനല്‍ മീറ്റിംഗുകളും ഇതിനകം നടന്നിട്ടുണ്ട്. സിഇപിഎയുടെ കീഴില്‍ വരുന്ന എല്ലാ അധ്യായങ്ങളിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചര്‍ച്ചകള്‍ വൈകിയേക്കാമെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. തടസങ്ങളെക്കുറിച്ചുള്ള ഏതൊരു റിപ്പോര്‍ട്ടും വെറും ഊഹങ്ങള്‍ മാത്രമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
നിലവില്‍, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സംഭാവന ചെയ്യുന്ന പരസ്പര പ്രയോജനകരമായ കരാര്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി കേന്ദ്രമാണ് ഒമാന്‍. ഉഭയകക്ഷി വ്യാപാരം 2018-19 ല്‍ 5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 12.39 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ കയറ്റുമതി 2018-19ല്‍ 2.25 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 4.48 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.
തിങ്ക് ടാങ്ക് ജിടിആര്‍ഐ (ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) യുടെ റിപ്പോര്‍ട്ട് പ്രകാരം 3.7 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളായ ഗ്യാസോലിന്‍, ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ്, മെഷിനറികള്‍ എന്നിവയ്ക്ക് ഒമാനില്‍ സ്വീകാര്യത ലഭിക്കും. 2022-23 ല്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഏകദേശം 8 ബില്യണ്‍ യുഎസ് ഡോളറാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (4.6 ബില്യണ്‍ യുഎസ് ഡോളര്‍), യൂറിയ (1.2 ബില്യണ്‍ യുഎസ് ഡോളര്‍) ഉള്‍പ്പെട്ട പ്രധാന ഉല്‍പ്പന്നങ്ങള്‍; പ്രൊപിലീന്‍, എഥിലീന്‍ പോളിമറുകള്‍ (383 ദശലക്ഷം ഡോളര്‍).
ആഭ്യന്തര ഉല്‍പന്നങ്ങളുടെ വളര്‍ന്നുവരുന്ന വിപണിയായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിനും ഈ കരാര്‍ സഹായിക്കുമെന്ന് നിര്‍ദിഷ്ട കരാറിനെക്കുറിച്ച് അന്താരാഷ്ട്ര വ്യാപാര വിദഗ്ധനും ഹൈടെക് ഗിയേഴ്സ് ചെയര്‍മാനുമായ ദീപ് കപുരിയ പറഞ്ഞു.
2030-ഓടെ ചരക്ക് ഉല്‍പ്പന്നങ്ങളുടെ 1 ട്രില്യണ്‍ ഡോളറിന്റെ ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം കണക്കിലെടുത്ത് കരാറിന് പ്രാധാന്യമുണ്ടെന്ന് കപുരിയ പറഞ്ഞു.