29 Feb 2024 10:24 AM GMT
Summary
- വിപണിയില്‍ ക്രമേണയുള്ള ഇന്ത്യയുടെ മുന്നേറ്റം
- ചൈനയുമായുള്ള പാശ്ചാത്യരുടെ രാഷ്ട്രീയ പിരിമുറുക്കങ്ങളും ഇതിന് കാരണമായി
- ഇന്ത്യ കൂടുതല്‍ ബിസിനസ് സൗഹൃദമാകുന്നു
ലോകത്തിലെ നിര്‍മ്മാണ ഫാക്ടറിയാണ് ചൈന. ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള വിതരണ ശൃംഖലകള്‍ ബെയ്ജിംഗ് വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില പ്രധാന വിപണികളിലെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ചൈനയുടെ ആധിപത്യം കുറയുകയാണ്. ഇവിടെ ഇന്ത്യയാണ് വിപണിയില്‍ ക്രമേണ മുന്നേറുന്നതെന്ന് പുതിയ പഠനം കാണിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വര്‍ധിച്ചിരിക്കുന്ന യുകെയിലും യുഎസിലുമാണ് ഇത് ഏറെ പ്രകടമാകുന്നത്.
നികുതിയിളവുകള്‍, ഇളവുകള്‍, എളുപ്പത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍, മൂലധന പിന്തുണ എന്നിങ്ങനെയുള്ള കനത്ത പ്രോത്സാഹനങ്ങള്‍ നല്‍കി ഇന്ത്യ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കൂടുതല്‍ കയറ്റുമതി ചെയ്യുന്നതിനായി ആഭ്യന്തര ഉല്‍പ്പാദന വ്യവസായം വിപുലീകരിക്കുകയും പങ്കാളിത്തത്തിലൂടെ ബിസിനസ്സുകളെ ആഗോള തലത്തിലേക്ക് വളരാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സാംസങ് ഇലക്ട്രോണിക്സ് കമ്പനിയുടെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി ഇന്ത്യയിലാണ് ഉള്ളത്. അതേസമയം ആപ്പിള്‍ അതിന്റെ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പും പെഗാട്രോണ്‍ കോര്‍പ്പറേഷനും വഴി ഇന്ത്യയില്‍ എല്ലാ ഐഫോണുകളുടെയും 7% എങ്കിലും നിര്‍മ്മിക്കുന്നു.
നിലവില്‍ ചൈന ആഗോളതലത്തില്‍ വര്‍ധിപ്പിക്കുന്ന ഈ മേഖലയിലെ വ്യാപാര വിഹിതത്തെ മറികടകടക്കാനാണ് ഇന്ത്യയുടെ ശ്രമം. ചില വിപണികളിലെങ്കിലും. സമീപഭാവിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇലക്ട്രോണിക് കയറ്റുമതിയിലെ വര്‍ധനവ് ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ലണ്ടന്‍ ആസ്ഥാനമായുള്ള ഫാതം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് പറയുന്നു.
വിപണി വിഹിതം നേടുന്നതിലെ ഇന്ത്യയുടെ പുരോഗതി യൂറോപ്പിലും ജപ്പാനിലും കൂടുതല്‍ പരിമിതമാണ്. 'ചൈന അധിഷ്ഠിത ഉല്‍പ്പാദനം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനുപകരം ഇരട്ട വിതരണ ശൃംഖലകളിലേക്ക് (ചൈന പ്ലസ് വണ്‍) പലരാജ്യങ്ങളും മുന്നേറുന്നു. ഇവിടെ ഇന്ത്യക്കു പ്രാധാന്യവും പ്രസക്തിയും ഏറെയാണ്. റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നു.ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി ചൈനയുടെ അനുപാതത്തില്‍ പരിശോധിക്കുമ്പോള്‍ ജര്‍മ്മനിയില്‍ 3.38 ശതമാനവും ആഗോളതലത്തില്‍ 3.52 ശതമാനവുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബഹുരാഷ്ട്ര കമ്പനികളുടെ 'ചൈന പ്ലസ് വണ്‍' തന്ത്രത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ പങ്ക് ഉയര്‍ത്തിക്കാട്ടുന്നു. നിര്‍മ്മാതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ ബാക്ക്-അപ്പ് ശേഷി വികസിപ്പിക്കുകയാണ്.
ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വിപണി വിഹിതം ഒരു ഉത്തേജനമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വിപുലീകരിക്കുന്നതിനും ഇറക്കുമതിയുടെ ആവശ്യകത കുറച്ചുകൊണ്ട് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സ്വാശ്രയമാക്കുന്നതിനുമായി 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി ഇവിടെ നടപ്പാക്കി വരികയുമാണ്.