image

15 Jun 2023 4:29 PM IST

World

മേയിലെ കയറ്റുമതിയില്‍ 10.3% ഇടിവ്

MyFin Desk

decline in exports in may
X

Summary

  • ആശ്വാസമായി സേവന കയറ്റുമതിയിലെ കണക്ക്
  • വ്യാപാരക്കമ്മി 22.12 ബില്യൺ ഡോളറിലേക്ക് എത്തി
  • 40 രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കയറ്റുമതി തന്ത്രം


ഇന്ത്യയുടെ കയറ്റുമതി മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.3% കുറഞ്ഞ് 34.98 ബില്യൺ ഡോളറിലെത്തിയതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഇറക്കുമതി മേയില്‍ 6.6 ശതമാനം ഇടിഞ്ഞ് 57.1 ബില്യൺ ഡോളറിലെത്തി. ആഗോള തലത്തില്‍ ആവശ്യകതയില്‍ പ്രകടമാകുന്ന ദുര്‍ബലാവസ്ഥ കാരണം തുടര്‍ച്ചയായ നാലാം മാസമാണ് കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഏപ്രിലില്‍ 12.7 ശതമാനത്തിന്‍റെ ഇടിവ് കയറ്റുമതിയില്‍ ഉണ്ടായിരുന്നു.

ആഗോള വ്യാപാരരംഗത്ത് ഇപ്പോഴും തിരിച്ചടി തുടരുന്നതായി വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്, ഡിപ്പാർട്ട്‌മെന്റ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് എന്നിവ 40 രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കയറ്റുമതി തന്ത്രം ആവിഷ്‌കരിച്ച് പ്രവർത്തിക്കുകയാണെന്നും ഡാറ്റ പുറത്തുവിട്ടുകൊണ്ട് സംസാരിക്കവെ ബർത്വാള്‍ കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കയറ്റുമതി, ഇറക്കുമതി ഡാറ്റയുടെ അടിസ്ഥാനത്തില്‍ മേയിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 22.12 ബില്യൺ ഡോളറാണ്. ഏപ്രിലില്‍ വ്യാപാരക്കമ്മി 20 മാസക്കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കായ 15.24 ബില്യൺ ഡോളറിലേക്ക് കുറഞ്ഞിരുന്നു.

കൊറോണ മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഉയർന്ന വായ്പാ ചെലവുകളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളികളെ വ്യക്തമാക്കുന്നതാണ് ഈ വ്യാപാര വിടവെന്ന് വ്യാവസായിക വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.. ഇത് രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയെയും നിക്ഷേപകരുടെ വികാരത്തെയും ബാധിക്കും. പ്രാദേശിക കറൻസിയുടെ ആകർഷണീയതയെയും ഇത് പരിമിതപ്പെടുത്തും.

സേവന മേഖലയിലെ കയറ്റുമതി 25.30 ബില്യൺ ഡോളറും സേവന മേഖലയിലെ ഇറക്കുമതി 13.53 ബില്യൺ ഡോളറുമാണ്.വിവരസാങ്കേതികവിദ്യയിലും ബിസിനസ് കൺസൾട്ടിംഗ് ജോലികളിലും പ്രകടമാകുന്ന കുത്തനെയുള്ള കുതിച്ചുചാട്ടം കാരണം ഇന്ത്യയുടെ സേവന കയറ്റുമതിയില്‍ നിന്ന് ആശ്വാസം നല്‍കുന്ന കണക്കുകളാണ് വരുന്നത്.

കഴിഞ്ഞ രണ്ട് വർഷങ്ങള്‍ക്കിടെ, ഇന്ത്യയുടെ കയറ്റുമതി 500 ബില്യൺ ഡോളറിൽ നിന്ന് ഉയര്‍ന്ന് 2022-23ൽ 767 ബില്യൺ ഡോളറിലേക്ക് എത്തിയിരുന്നു.