10 Oct 2023 3:10 PM IST
Summary
- ആറാം റൗണ്ട് ചര്‍ച്ചകള്‍ ഡിസംബറില്‍ നടക്കും
- കൊറോണകാരണമാണ് ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്
- കയറ്റുമതി വൈവിധ്യവല്‍ക്കരിക്കുക ലക്ഷ്യം
ഇന്ത്യ-പെറു വ്യാപാര കരാറിനായുള്ള പ്രത്യേക റൗണ്ട് ചര്‍ച്ചകള്‍ ഒക്ടോബര്‍ 10 നും 11 നുംനടക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ 2017ലാണ് ആരംഭിച്ചത്. അഞ്ചാം റൗണ്ട് 2019 ഓഗസ്റ്റില്‍ അവസാനിച്ചു. ആറാമത്തെ റൗണ്ട് 2023 ഡിസംബറില്‍ പെറുവിലെ ലിമയില്‍ നടക്കും.
കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
അതിനിടെ, നയതന്ത്ര തര്‍ക്കം മൂലം ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ നിലച്ചു. ന്യൂഡെല്‍ഹി അതിന്റെ ചര്‍ച്ചകള്‍ മറ്റ് വിപണികളിലേക്ക് തിരിച്ചുവിടുകയാണെന്ന് വ്യാപാര വിദഗ്ധര്‍ പറഞ്ഞു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ വ്യാപാര മാന്ദ്യം കാരണം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റില്‍ തുടര്‍ച്ചയായി ഏഴാം മാസവും കുറഞ്ഞു.
ഇന്ത്യയുടെ കയറ്റുമതി ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അത് വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് 2023 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടിയിരുന്നു.
ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയും പെറുവും സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികവര്‍ഷം 2023ല്‍ ഉഭയകക്ഷി വ്യാപാരം 312 കോടി ഡോളറിലെത്തി. ഇന്ത്യ പെറുവിലേക്ക് 865.91 ദശലക്ഷം ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്യുകയും 225 കോടിഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു.
പെറുവിലേക്കുള്ള പ്രധാന ഇന്ത്യന്‍ കയറ്റുമതിയില്‍ മോട്ടോര്‍ വാഹനങ്ങള്‍ അല്ലെങ്കില്‍ കാറുകള്‍, കോട്ടണ്‍ നൂല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പെടുന്നു. പെറു പ്രാഥമികമായി കയറ്റുമതി ചെയ്യുന്നത് സ്വര്‍ണ്ണം, ചെമ്പ് അയിരുകള്‍ തുടങ്ങിയവയാണ്.
പ്രാരംഭ വ്യവസ്ഥകള്‍, പൊതു നിര്‍വചനങ്ങള്‍, ചരക്കു വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍, വ്യാപാരത്തിനുള്ള സാങ്കേതിക തടസങ്ങള്‍, സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി മന്ത്രാലയം അറിയിച്ചു.
വ്യാപാര പ്രതിവിധികള്‍, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്പര സൗകര്യത്തെ അടിസ്ഥാനമാക്കി മാസാവസാനം നടക്കും.
ഇന്ത്യന്‍ സംഘത്തെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വിപുല്‍ ബന്‍സാല്‍ നയിക്കും, പെറുവിയന്‍ സംഘത്തെവിദേശ വ്യാപാര, ടൂറിസം മന്ത്രാലയത്തിന്റെ ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക ഡയറക്ടര്‍ ജെറാര്‍ഡോ അന്റോണിയോ മെസ ഗ്രില്ലോ നയിക്കും.