image

12 Jun 2023 9:00 AM GMT

World

യുഎസില്‍ ഒറ്റ മാസത്തില്‍ എഐ തെറിപ്പിച്ചത് 3,900 പേരുടെ തൊഴില്‍

MyFin Desk

ai caused 3,900 job losses in us in one month
X

Summary

  • മേയില്‍ ടെക് മേഖലയില്‍ മൊത്തം 22,887 പിരിച്ചുവിടല്‍
  • പുതിയ നിയമനങ്ങളില്‍ എഐ പ്രാവീണ്യം പ്രധാന പരിഗണന
  • യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം 6 മാസത്തെ താഴ്ചയില്‍


യുഎസ് കമ്പനികളുടെ പിരിച്ചുവിടല്‍ ഇക്കഴിഞ്ഞ മേയില്‍ കൂടുതല്‍ ശക്തമായി. 80,000ല്‍ അധികം പേര്‍ക്ക് ലോകത്തെ ഒന്നാം നമ്പർ സമ്പദ്‍വ്യവസ്ഥയില്‍ കഴിഞ്ഞ മാസം തൊഴില്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള തൊഴിലുടമകൾ മേയില്‍ 80,089 തൊഴിലുകള്‍ വെട്ടിക്കുറച്ചുവെന്നും ഇത് 2022 മേയിലെ 20,712 പിരിച്ചുവിടലുകളെ അപേക്ഷിച്ച് 287% വർധനയാണെന്നും എക്സിക്യൂട്ടിവ് കോച്ചിംഗ് സ്ഥാപനമായ ചലഞ്ചര്‍, ഗ്രേ& ക്രിസ്‍മസ് ഇന്‍ക് തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ എല്ലാ ടെക് വ്യവസായങ്ങളിലുമായി 3900 തൊഴില്‍ നഷ്ടങ്ങള്‍ക്കിടയാക്കിയത് നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഏപ്രിലില്‍ 66,995 പിരിച്ചുവിടല്‍ പ്രഖ്യാപനങ്ങളാണ് യുഎസില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 417,000 തൊഴിലുകള്‍ ഇല്ലാതാക്കാനുള്ള പദ്ധതികളാണ് യുഎസ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രഖ്യാപിച്ച 100,694 പിരിച്ചുവിടലുകളെ അപേക്ഷിച്ച് 315% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മേയില്‍ യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിനു ശേഷം ആഗോള തലത്തില്‍ ആവശ്യകതയില്‍ പ്രകടമാകുന്ന മാന്ദ്യവും സാമ്പത്തിക സാഹചര്യങ്ങളിലെ വെല്ലുവിളികളും മൂലെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ അധികമായി യുഎസ് ടെക് കമ്പനികള്‍ വ്യാപകമായ തോതില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ആമസോണ്‍, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഇന്ത്യന്‍ ജീവനക്കാരുള്‍പ്പടെ ഈ പ്രതിസന്ധിയില്‍ അകപ്പെട്ടു. ഇതിനു സമാന്തരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുന്ന ഉടച്ചുവാര്‍ക്കലുകളും സംഭവിക്കുകയാണ്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ, എഐ സിസ്റ്റങ്ങള്‍ പല മേഖലകളിലും മനുഷ്യ വൈദഗ്ധ്യത്തെ മറികടക്കുമെന്നും വലിയ കോർപ്പറേഷനുകളെപ്പോലെ ഉൽപ്പാദനക്ഷമതയുള്ളതായിരിക്കുമെന്നും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അഭിപ്രായപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലോകത്ത് ഏറെ ചര്‍ച്ചാ വിഷയമായ ചാറ്റ് ജിപിടി-യുടെ സൃഷ്ടാക്കളാണ് ഓപ്പണ്‍ എഐ.

വായിക്കാം: എഐ 10 വര്‍ഷത്തില്‍ മനുഷ്യവൈദഗ്ധ്യത്തെ മറികടക്കും: ചാറ്റ് ജിപിടി ഉടമ

ചലഞ്ചർ, ഗ്രേ & ക്രിസ്മസ് റിപ്പോർട്ട് അനുസരിച്ച്, ടെക്‌നോളജി മേഖലയിലാണ് മേയില്‍ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായത്. 22,887 ടെക് തൊഴിലുകളാണ് കഴിഞ്ഞ മാസം യുഎസില്‍ ഇല്ലാതായത്. ടെക് ജീവനക്കാര്‍ ഈ വർഷം ഇതുവരെ നേരിട്ട മൊത്തം പിരിച്ചുവിടല്‍ 136,831 ആണ്. മുന്‍ വർഷം ഇതേ കാലയളവിൽ പ്രഖ്യാപിച്ച 4,503 വെട്ടിക്കുറയ്ക്കലുകളില്‍ നിന്ന് 2,939% വർധനയാണിത്.

ആഗോള സാഹചര്യങ്ങളുടെ ഫലമായി ഫണ്ടിംഗിനുണ്ടായ പ്രതിസന്ധി ഇന്ത്യന്‍ ഐടി കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയുെം പിരിച്ചുവിടലിന് പ്രേരിപ്പിച്ചിട്ടുണ്ട്. മീഷോ. ബൈജുസ്, സൊമാറ്റോ, സ്വിഗ്ഗി, ഒല, ഡുന്‍‌സോ, തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഈ വര്‍ഷം പിരിച്ചുവിടലുകള്‍ ഉണ്ടായി. ഇന്‍ഫോസിസ് പോലുള്ള വന്‍കിട ഐടി കമ്പനികള്‍ നിയമനങ്ങളിലും ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളിലും കുറവു വരുത്തിയിട്ടുണ്ട്. എഐ പോലുള്ള പുതിയ സാങ്കേതിക മുന്നേറ്റങ്ങളെ സ്വീകരിക്കുന്നതിനുള്ള പ്രാവീണ്യം കൂടി കണക്കിലെടുത്തു മാത്രമായിരിക്കും രാജ്യത്തെ ഐടി കമ്പനികളില്‍ വലിയൊരു വിഭാഗം ഇനി റിക്രൂട്ട്മെന്‍റ് നടത്തുക എന്നും അടുത്തിടെ പുറത്തുവന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാമെന്ന് കരുതുന്ന റോളുകളിലേക്കുള്ള നിയമനം താൽക്കാലികമായി നിർത്താമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നോൺ-കസ്റ്റമർ-ഫേസിംഗ് റോളുകളില്‍ ഏകദേശം 26,000 തൊഴിലാളികളാണ് ഇപ്പോള്‍ ഐബിഎമ്മില്‍ ഉള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ 30% എഐ, ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളിലൂടെ നിര്‍വഹിക്കാനാണ് കമ്പനിയുടെ ശ്രമം.

വായിക്കാം: എഐ നിങ്ങളുടെ ജോലി കളയുമോ? അറിയാം വെല്ലുവിളികളെ