24 Oct 2023 9:45 AM
Summary
- 1975-ലെ7 പണിമുടക്കില്‍ ഐസ്ലാന്‍ഡിലെ 90 ശതമാനം സ്ത്രീ തൊഴിലാളികളും പങ്കെടുത്തിരുന്നു
പ്രധാനമന്ത്രിയും പണിമുടക്കുന്നു!
ഇന്ത്യയിലല്ല. ഐസ്‌ലന്‍ഡിലാണ്. ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്ഡോട്ടിര്‍ ഉള്‍പ്പെടെ രാജ്യത്തെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്. എന്തിനെന്നോ,
യു ലിംഗ വേതന വ്യത്യാസത്തിലും ലിംഗാധിഷ്ഠിത അക്രമത്തിലും പ്രതിഷേധിച്ചാണ് വനിതകള്‍ അവധി ദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി സ്ത്രീ സാന്നിധ്യം കൂടുതലുള്ള മേഖലകളെ പ്രതിഷേധം ബാധിക്കും.
1975 ന് ശേഷമുള്ള ആദ്യത്തെ ആസൂത്രിത മുഴുവന്‍ ദിവസ സ്ത്രീ സമരമാണിത്. സ്ത്രീകളോടും ട്രാന്‍സ് വുമണ്‍ വിഭാഗത്തോടും ഇന്ന് വീട്ടുജോലികള്‍ ഉള്‍പ്പെടെയുള്ള കൂലിയുള്ളതും ഇല്ലാത്തതുമായ ജോലികള്‍ നിരസിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'ഞാന്‍ ഈ ദിവസം ജോലി ചെയ്യില്ല, കാബിനെറ്റിലുള്ള മറ്റ് സ്ത്രീകളും ഇത്തരത്തില്‍ പ്രതിഷേധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി ജാക്കോബ്സ്ഡോട്ടിര്‍ പറഞ്ഞു.
പരമ്പരാഗതമായി പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീകള്‍ മുന്‍കൈയെടുക്കുന്ന തൊഴിലുകള്‍ എങ്ങനെ വിലമതിക്കപ്പെടുന്നുവെന്ന് തന്റെ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ജേക്കബ്‌സ്ഡോട്ടിര്‍ വ്യക്തമാക്കി. ഐസ്‌ലന്‍ഡിക് ടീച്ചേഴ്സ് യൂണിയന്റെ അഭിപ്രായത്തില്‍, കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരില്‍ 94 ശതമാനം സ്ത്രീകളാണ്. രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ 80 ശതമാനം തൊഴിലാളികളും സ്ത്രീകളാണ്.
ലോകത്തിലെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യം
ലിംഗസമത്വത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഐസ്‌ലന്‍ഡിനെ ലോക സാമ്പത്തിക ഫോറം (ഡബ്ല്യൂഇഎഫ്) 14 വര്‍ഷമായി തെരഞ്ഞെടുക്കുന്നു. എന്നാല്‍ രാജ്യം പൂര്‍ണ്ണമായും തുല്യമല്ലെന്നത് വസ്തുതയാണ്. കാരണം 91.2 ശതമാനമാണ് ഡബ്ല്യുഇഎഫ് നല്കിയിട്ടുള്ള സ്‌കോര്‍.
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അഗ്‌നിപര്‍വ്വത ദ്വീപ്, സാമ്പത്തിക പങ്കാളിത്തത്തില്‍ ലോകത്ത് 14-ാം സ്ഥാനത്താണ്. ലൈബീരിയ, ജമൈക്ക, നോര്‍വേ എന്നിവയ്ക്ക് താഴെയാണ് ഐസ്‌ലന്‍ഡിന്‍റെ സ്ഥാനം.
1975-ലെ പണിമുടക്കില്‍ ഐസ്ലാന്‍ഡിലെ 90 ശതമാനം സ്ത്രീ തൊഴിലാളികളും പങ്കെടുത്തിരുന്നു. സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയായിരുന്നു അന്നത്തെ പണിമുടക്കിന്റെ ഉദ്ദേശം. പണിമുടക്കിന് ശേഷം തൊട്ടടുത്ത വര്‍ഷം തുല്യ വേതന നിയമം പാസാക്കാന്‍ രാജ്യത്തെ പാര്‍ലമെന്റിനെ പ്രേരിപ്പിച്ചു.
1975 ലെ പണിമുടക്ക് 'ഐസ്‌ലന്‍ഡിലെ സ്ത്രീ വിമോചനത്തിനുള്ള ആദ്യപടി' ആയിരുന്നെന്നാണ് മുന്‍ ഐസ്‌ലന്‍ഡ് പ്രസിഡന്റ് വിഗ്ഡിസ് ഫിന്‍ബോഗഡോട്ടിര്‍ അഭിപ്രായപ്പെട്ടത്. ഇതേതുടര്‍ന്നാണ് 1980 ല്‍ ലോകത്ത് ജനാധിപത്യപരമായി രാഷ്ട്രത്തലവനായി ഐസ്‌ലന്‍ഡില്‍ നിന്നും വിഗ്ഡിസ് ഫിന്‍ബോഗഡോട്ടിര്‍ ആദ്യത്തെ വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്.