8 Oct 2023 11:27 AM GMT
Summary
- മികച്ച പാക്കേജിംഗ് ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതി വര്‍ധിപ്പിക്കും
- സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്നും യുഎഇ വ്യവസായികള്‍
ഇന്ത്യയില്‍ നിന്നുള്ള ചിക്കൻ, പാലുല്‍പ്പന്നങ്ങള്‍, ബസ്മതി അരി, ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ, ഗോതമ്പ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വൻ ഡിമാൻഡ്. ഇവ മതിയായ അളവില്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം നടപടി എടുക്കണമെന്ന് യുഎഇ വ്യവസായ സമൂഹം ആവശ്യപ്പെട്ടു.
സുഗമമായ സർട്ടിഫിക്കേഷൻ പ്രക്രിയ, അഗ്രികൾച്ചറൽ & പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) യുമായി കൂടുതൽ ഏകോപനം, ഇരുരാജ്യങ്ങളുടെയും മാനദണ്ഡങ്ങളുടെ സമന്വയം എന്നിവയിൽ യുഎഇ വ്യവസായി പ്രതിനിധികള്‍ ഇന്ത്യൻ സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ. തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ഉയർന്ന നിലവാരമുള്ള പാക്കേജിംഗിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
യുഎഇ സന്ദര്‍ശനത്തിനിടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ആ രാജ്യത്തെ ഇറക്കുമതിക്കാരുമായി വിശദമായ ചർച്ച നടത്തുകയും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഈ രാജ്യങ്ങളിലേക്ക് ശീതീകരിച്ച ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഗ്ലോബൽ ഫുഡ് ഇൻഡസ്ട്രീസിന്‍റെ യുഎഇ എൽഎൽസി സെയിൽസ് ഹെഡ് (ഫ്രോസൺ ആൻഡ് ബിവറേജസ്) ആയ നിസ്സാർ തളങ്കര പറഞ്ഞു.
ഇന്ത്യൻ ബസുമതി അരിക്ക് വലിയ ആവശ്യക്കാരുണ്ടെന്നും ഈ അരിയുടെ കുറഞ്ഞ കയറ്റുമതി വില (എംഇപി) കുറയ്ക്കുന്നത് ഇന്ത്യയെ കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്നും ഒമാൻ ആസ്ഥാനമായുള്ള ഖിംജി രാംദാസ് ഗ്രൂപ്പിന്റെ പ്രതിനിധി പറഞ്ഞു. നിലവിൽ ടണ്ണിന് 1,200 ഡോളര്‍ എന്നതില്‍ നിന്ന് എംഇപി 850 ഡോളറായി കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മറ്റൊരു ഇറക്കുമതിക്കാരൻ ഹലാൽ സർട്ടിഫിക്കേഷൻ സംബന്ധിച്ച പ്രശ്നം ഉന്നയിച്ചു. ഇന്ത്യയിൽ നന്നായി സ്ഥാപിതമായ ഹലാൽ മീറ്റ് സർട്ടിഫിക്കേഷൻ സംവിധാനമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇറച്ചി ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാണെന്ന് അലനാസൺസ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൗസാൻ അലവി പറഞ്ഞു.
ഉൽപന്നങ്ങളുടെ പാക്കേജിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎഇയുമായും മറ്റ് ഗൾഫ് മേഖലകളുമായും വ്യാപാരം വർദ്ധിപ്പിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കുമെന്ന് ചോയിത്രംസ് ഹെഡ് (റീട്ടെയിൽ പ്രൊക്യുർമെന്റ്) കീർത്തി മേഘ്‌നാനി പറഞ്ഞു,യുഎഇയില്‍ എപിഇഡിഎ ഓഫീസ് സ്ഥാപിക്കുന്നത് ഭക്ഷ്യ വ്യവസായത്തെ സഹായിക്കുമെന്ന് ആപ്പ്കോര്‍പ്പ് ഹോൾഡിംഗ് ചെയർമാൻ നിതേഷ് വേദ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കുടിൽ വ്യവസായങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും അതിനായി സ്റ്റാൻഡേർഡ്, പാക്കേജിംഗ്, ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ പരിശോധിക്കേണ്ടതുണ്ടെന്നും ജിസിസി ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു ഇറക്കുമതിക്കാരൻ പറഞ്ഞു.
കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യ-യുഎഇ വ്യാപാര കരാർ നടപ്പാക്കിയത്. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ലെ 72.9 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 84.9 ബില്യൺ ഡോളറായി ഉയർന്നു.