image

8 March 2025 1:48 PM IST

World

യുഎസുമായുള്ള ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്മാറണമെന്ന് ജിടിആര്‍ഐ

MyFin Desk

യുഎസുമായുള്ള ചര്‍ച്ചകളില്‍നിന്ന്  ഇന്ത്യ പിന്മാറണമെന്ന് ജിടിആര്‍ഐ
X

Summary

  • ഇന്ത്യക്കെതിരായ വിമര്‍ശനം തെറ്റായ ഡാറ്റ ഉപയോഗിച്ച്
  • യുഎസ് താരിഫുകള്‍ക്കെതിരെ ചൈനയുടെ നടപടി പിന്തുടരണം


അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്മാറണമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്. ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ ട്രംപ് ഭരണകൂടവുമായി ഇടപഴകാന്‍ തയ്യാറാകണമെന്നും സാമ്പത്തിക ചിന്താ കേന്ദ്രമായ ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.

തെറ്റായ ഡാറ്റ ഉപയോഗിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉദ്യോഗസ്ഥരും ഇന്ത്യയെ വിമര്‍ശിച്ചതെന്ന് ശ്രീവാസ്തവ പറഞ്ഞു.

യുഎസ് താരിഫുകള്‍ക്കെതിരെ, ചൈനയും കാനഡയും പ്രതികാര നടപടികള്‍ പ്രഖ്യാപിച്ചു. തന്റെ ഭരണകൂടം അന്യായമായ വ്യാപാര രീതികള്‍ 'വെളിപ്പെടുത്തി'യതിന് ശേഷം, അമേരിക്കന്‍ ഇറക്കുമതികളുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചതായി വെള്ളിയാഴ്ച ട്രംപ് അവകാശപ്പെട്ടു. 'ഇത് തീര്‍ത്തും തെറ്റാണ്, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയുടെ മൗനം അമ്പരപ്പിക്കുന്നതാണ്, വസ്തുതകള്‍ ഉപയോഗിച്ച് ഇന്ത്യ അതിനെ നേരിടേണ്ടതുണ്ട്. ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഇന്ത്യയെ എല്ലാ ദിവസവും ചെറുതാക്കുന്നത് ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിടിആര്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു സമഗ്രമായ വ്യാപാര കരാര്‍ യുഎസ് ആവശ്യങ്ങള്‍ക്കായിരിക്കും വാതില്‍ തുറക്കുക. മുന്‍പ് ഇന്ത്യ എതിര്‍ത്തിട്ടുള്ള കാര്യങ്ങള്‍ കരാര്‍ ഒപ്പിട്ടാല്‍ ഇന്ത്യക്ക് അനുസരിക്കേണ്ടിവരും.

രണ്ടാമതായി, ചര്‍ച്ച ചെയ്ത വ്യാപാര കരാറുകളെ അവഗണിക്കുന്നതിന്റെ ചരിത്രം യുഎസിനുണ്ട്. 2019 ല്‍ ട്രംപ് തന്നെ അന്തിമമാക്കിയ യുഎസ്-മെക്‌സിക്കോ-കാനഡ എഫ്ടിഎ റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.

കരാര്‍ പരിഗണിക്കുകയാണെങ്കില്‍ കൃഷി, പാസഞ്ചര്‍ കാറുകള്‍, മറ്റ് സെന്‍സിറ്റീവ് മേഖലകള്‍ എന്നിവ ഒഴിവാക്കപ്പെടണം. 1980 കളുടെ അവസാനത്തില്‍ കാര്‍ ഇറക്കുമതി താരിഫ് 45 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ ആഭ്യന്തര കാര്‍ വ്യവസായം തകര്‍ന്നുവെന്ന് ജിടിആര്‍ഐ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ഇന്ത്യന്‍ കാറുകള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ പ്രശ്‌നം ഉണ്ടാകാന്‍ പോകുന്നുമില്ല.

അതിനാല്‍ താരിഫിന്റെ എല്ലാവശങ്ങളും പരിഗണിച്ചശേഷം മാത്രമെ ഒരു കരാറിനായി ഇന്ത്യ ശ്രമിക്കാവു എന്നാണ് ജിടിആര്‍ഐ പറയുന്നത്. ട്രംപ് പരിഗണിക്കുന്നത് യുഎസ് താല്‍പ്പര്യം മാത്രമാണ്. അതിനായി അദ്ദേഹം കണക്കുകളെ വളച്ചൊടിക്കുന്നുമുണ്ട്.