5 Aug 2024 4:35 AM GMT
Summary
- പ്രൊഫഷണലുകളുടെ പ്രവേശനം സുഗമമാക്കുന്നതിന് വിസ മാനദണ്ഡങ്ങള്‍ വേണം
- ഇന്ത്യയിലേക്കുള്ള വസ്ത്ര കയറ്റുമതിയിലെ ക്വാട്ട നീക്കം ചെയ്യണമെന്ന് ശ്രീലങ്ക
- ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അടുത്ത ചര്‍ച്ച വോട്ടെടുപ്പിനുശേഷമായിരിക്കും
ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനു കീഴില്‍ കാറുകള്‍, വാണിജ്യ വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ക്ക് ഇന്ത്യ കസ്റ്റംസ് തീരുവ ഇളവ് തേടുന്നു. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവിടെ നിന്നുള്ള പ്രൊഫഷണലുകളുടെ പ്രവേശനം കൂടുതല്‍ സുഗമമാക്കുന്നതിന് ഇന്ത്യ എളുപ്പമുള്ള വിസ മാനദണ്ഡങ്ങളും തേടി.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള 14-ാം റൗണ്ട് ചര്‍ച്ച അടുത്തിടെ കൊളംബോയില്‍ സമാപിച്ചിരുന്നു.
ഉത്ഭവ നിയമങ്ങള്‍, ചരക്കുകള്‍, സേവനങ്ങള്‍, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. മറുവശത്ത്, ഇന്ത്യയിലേക്കുള്ള വസ്ത്ര കയറ്റുമതിയിലെ ക്വാട്ട നീക്കം ചെയ്യണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. തേയിലയ്ക്കും ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഇളവുകള്‍ നല്‍കണമെന്നും ദ്വീപ് രാഷ്ട്രം ആവശ്യപ്പെടുന്നു.
ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ അതിന് ശേഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും ഇതിനകം തന്നെ ചരക്കുകളില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടുത്തി കരാര്‍ വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്.
ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാര്‍ 2000 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തി. കരാറില്‍ ഉള്‍പ്പെടുന്ന ചരക്കുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, സേവനങ്ങള്‍, നിക്ഷേപം, സാമ്പത്തിക സഹകരണത്തിന്റെ മറ്റ് മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയായി അത് വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
നിലവിലെ എഫ്ടിഎ പ്രകാരം, ശ്രീലങ്കയില്‍ നിന്നുള്ള വസ്ത്രങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഓരോ വര്‍ഷവും ശ്രീലങ്കയില്‍ നിന്നുള്ള 15 ദശലക്ഷം കിലോ വരെ തേയിലയ്ക്ക് ഇന്ത്യ 50 ശതമാനം താരിഫ് ഇളവ് വാഗ്ദാനം ചെയ്തു.
ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി (സാഫ്ടിഎ) പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്രങ്ങള്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിച്ചിരിക്കുന്നതിനാല്‍, വസ്ത്രങ്ങള്‍ക്കുള്ള ക്വാട്ട നീക്കം ചെയ്യാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടേക്കുമെന്ന് തിങ്ക് ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) പറഞ്ഞു.
എന്നിരുന്നാലും ഈ അഭ്യര്‍ത്ഥന അംഗീകരിക്കുന്നത് ഇന്ത്യയ്ക്ക് എളുപ്പമായിരിക്കില്ല, കാരണം ഡ്യൂട്ടി ഫ്രീ ഇറക്കുമതി അനുവദിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്ര ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധനവിന് കാരണമായി, ഇത് 2014 സാമ്പത്തിക വര്‍ഷത്തില്‍ 144.25 ദശലക്ഷം ഡോളറില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 739.06 മില്യണ്‍ ഡോളറായി വര്‍ധിച്ചു.
ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ തുടങ്ങിയ ഇനങ്ങളെ ശ്രീലങ്ക അതിന്റെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, അവയുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നു.
കരാര്‍ നടപ്പിലാക്കിയതിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ന്യായമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2000 സാമ്പത്തിക വര്‍ഷത്തില്‍ 499.3 മില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 4.17 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് 735.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഇതേ കാലയളവില്‍ ഇറക്കുമതി 44.3 മില്യണ്‍ ഡോളറില്‍ നിന്ന് 1.4 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.