8 Nov 2023 3:43 PM IST
Summary
- പൂര്‍ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ഇവികള്‍ക്ക് 70% മുതല്‍ 100% വരെ നികുതിയുണ്ട്
- കഴിഞ്ഞമാസം അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാക്കാനാകുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്
- എഫ്ടിഎ പ്രാവര്‍ത്തികമായാല്‍ 2030ഓടെ ഇന്ത്യ-യുകെ വ്യാപാരം ഇരട്ടിയാകും
ഈ വര്‍ഷാവസാനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനുള്ള ശ്രമത്തില്‍ യുകെയില്‍ നിന്നുള്ള ചില ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ ഇന്ത്യ കുറയ്ക്കുമെന്ന് സൂചന.
80,000 ഡോളറിന് മുകളില്‍ വിലയുള്ള യുകെയില്‍ നിന്ന് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഇളവുകള്‍ പരിഗണിക്കുന്നത്. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് 70% മുതല്‍ 100% വരെ നികുതിയാണ് ഇന്ത്യ നിലവില്‍ ഈടാക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇറക്കുമതി ഇളവുകള്‍ നല്‍കണമെന്ന യുകെയുടെ ആവശ്യം സ്വതന്ത്ര വ്യാപാര ചര്‍ച്ചയിലെ ചില പ്രധാന വിഷയങ്ങളിലൊന്നാണ്.
കഴിഞ്ഞ മാസം അവസാനത്തോടെ കരാര്‍ അന്തിമമാക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതീക്ഷിച്ചിരുന്നു. ഇനി ദീപാവലിക്ക് കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകില്ല. ഡിസംബര്‍വരെ കരാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ സംബന്ധിച്ച് ഇന്ത്യ-യുകെ മന്ത്രിതല വക്താക്കള്‍ പ്രതികരിച്ചിട്ടില്ല.
ഇടത്തരം, സമ്പന്നരായ ആള്‍ക്കാര്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ഇന്ത്യയില്‍ ഉയരുകയാണ്. കാറുകളുടെ ഉയര്‍ന്ന വില, ഓപ്ഷനുകളുടെ ദൗര്‍ലഭ്യം, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം എന്നിവയാല്‍ രാജ്യത്ത് ഇവികള്‍ സ്വീകരിക്കുന്നത് തടയുന്നുണ്ട്. വിപണിയില്‍ ഇവി സെഗ്മെന്റ് വര്‍ധിക്കുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കും.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ നെക്‌സോണ്‍ ആണ്. ഇതിന് 15 ലക്ഷം രൂപയില്‍ താഴെയാണ് വില. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു എജി, മെഴ്സിഡസ് ബെന്‍സ് ഗ്രൂപ്പ് എജി, ഫോക്സ്വാഗണ്‍ എജിയുടെ ഓഡി എന്നിവ ഇന്ത്യയില്‍ 80,000 ഡോളറിനു മുകളില്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കും പാര്‍ട്സിനും വേണ്ടിയുള്ള ആഭ്യന്തര ഉല്‍പ്പാദന വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇവി ഇറക്കുമതിയില്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. പ്രാദേശിക ഇവി ഉല്‍പ്പാദനത്തിനായി 2021-ല്‍ സര്‍ക്കാര്‍ 310 കോടി ഡോളര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പ്രോഗ്രാം പ്രഖ്യാപിച്ചത് ഇതിനുദാഹരണമാണ്.
ഇവികളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും താരിഫ് കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇന്ത്യയും യുകെയും തങ്ങളുടെ നിലപാട് മയപ്പെടുത്തിയിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറഞ്ഞ താരിഫുകള്‍ വഴിയും വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിലൂടെയും 2030-ഓടെ സ്വതന്ത്ര വ്യാപാര കരാര്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.