image

31 July 2024 8:19 AM GMT

World

യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതി ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും

MyFin Desk

gtri says local carbon tax wont help indian companies
X

Summary

  • കാര്‍ബണ്‍ ടാക്‌സ് ഇന്ത്യക്ക് താങ്ങാനാവില്ല
  • ഏഴ് കാര്‍ബണ്‍ തീവ്ര മേഖലകളില്‍ നിന്നുള്ള ആഭ്യന്തര കമ്പനികള്‍ ബന്ധപ്പെട്ട ഡാറ്റ ഇയുവുമായി പങ്കിടണം


പ്രാദേശികമായി സമാനമായ ലെവി ചുമത്തുന്നതിലൂടെ ഇന്ത്യക്ക് കാര്‍ബണ്‍ നികുതി ഒഴിവാക്കാമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം ആഭ്യന്തര കമ്പനികളെ കാര്യമായി സഹായിക്കില്ലെന്ന് തിങ്ക് ടാങ്ക് ജിടിആര്‍ഐ. കാരണം യൂറോപ്യന്‍ യൂണിയനിലേക്കുള്ള അവരുടെ കയറ്റുമതിയുടെ തീരുവയ്ക്ക് അവര്‍ അപ്പോഴും ബാധ്യസ്ഥരായിരിക്കും.

കാര്‍ബണ്‍ വില സാധാരണയായി ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് പ്രധാന പ്രശ്‌നം. അതിനാല്‍ പ്രാദേശിക നികുതി ചേര്‍ക്കുന്നത് മൊത്തത്തിലുള്ള നികുതി ഭാരം ഗണ്യമായി കുറയ്ക്കില്ല ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) പറഞ്ഞു.

യൂറോപ്യന്‍ യൂണിയന് ഉയര്‍ന്ന കാര്‍ബണ്‍ വില താങ്ങാനാകുമെങ്കിലും, ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന് അത് അങ്ങനെയാകില്ല.

നിലവില്‍ ആഗോള ശരാശരി കാര്‍ബണ്‍ വില ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് ഏകദേശം ആറ് ഡോളറാണ്.

ഇന്ത്യ ഒരു എമിഷന്‍ ട്രേഡിംഗ് സിസ്റ്റം സ്ഥാപിക്കുകയോ കാര്‍ബണ്‍ വില നിശ്ചയിക്കുകയോ ചെയ്താല്‍, അത് 10 ഡോളറില്‍ താഴെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കാര്‍ബണ്‍ നികുതി ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍, സ്റ്റീല്‍, സിമന്റ്, വളം, അലുമിനിയം, ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഏഴ് കാര്‍ബണ്‍ തീവ്ര മേഖലകളില്‍ നിന്നുള്ള ആഭ്യന്തര കമ്പനികള്‍ , കാര്‍ബണ്‍ ഉദ്വമനവുമായി ബന്ധപ്പെട്ട ഡാറ്റ ഇയുവുമായി പങ്കിടണം.

തിങ്ക് ടാങ്ക് പറയുന്നതനുസരിച്ച്, കാര്‍ബണ്‍ നികുതി പൂര്‍ണ്ണമായി നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 20-35 ശതമാനം ഇറക്കുമതി നികുതി നല്‍കുകയും ആഭ്യന്തര വ്യവസായം എല്ലാ പ്ലാന്റ്, ഉല്‍പ്പാദന വിശദാംശങ്ങളും അവരുമായി പങ്കിടുകയും വേണം.

'കൂടാതെ, വന്‍കിട സ്ഥാപനങ്ങള്‍ക്ക് രണ്ട് പ്രൊഡക്ഷന്‍ ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നേക്കാം. യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ഉല്‍പ്പന്നങ്ങളും മറ്റ് രാജ്യങ്ങളിലേക്കുള്ള ഉല്‍പ്പന്നങ്ങളും പ്രത്യേകമായി നിര്‍മ്മിക്കണം. ഇത് കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കും.

ഈ നീക്കത്തെ ഇന്ത്യ ശക്തമായി വിമര്‍ശിക്കുകയും വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

അടുത്തിടെ നടന്ന ഒരു മീറ്റിംഗില്‍, യൂറോപ്യന്‍ കമ്മീഷനിലെ ടാക്‌സേഷന്‍ ആന്‍ഡ് കസ്റ്റംസ് യൂണിയന്‍ ഡയറക്ടര്‍ ജനറല്‍ ജെറാസിമോസ് തോമസിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം, യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്കുള്ള തുടര്‍ പ്രവേശനം ഉറപ്പാക്കുന്നതിനൊപ്പം ഹരിത വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ സ്വന്തം കാര്‍ബണ്‍ നികുതി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു.