image

28 Nov 2023 12:29 PM IST

World

എഞ്ചിനീയറിംഗ് ഉല്‍പ്പന്ന കയറ്റുമതി; വളർച്ചക്കിടയിലും തളർച്ച

MyFin Desk

exports of engineering products, growing in some areas, stagnated in others
X

Summary

  • യുഎസ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് കയറ്റുമതി വർധന
  • യൂറോപ്യന്‍ യൂണിയന്‍ , ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ്


അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഒക്ടോബറില്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലാണ് രാജ്യം മികവു പുലര്‍ത്തിയത്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മാന്ദ്യത്തിന് ശേഷം, ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി മേഖല ക്രമേണ ഉയരുകയാണ്.ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഒക്ടോബറില്‍ 7.2ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.

എന്നാല്‍ എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു), ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഈ മികവ് പുറത്തെടുക്കാന്‍ ഇന്ത്യക്കായില്ല.

വികസിത രാജ്യങ്ങളിലെ, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയനിലെ ഡിമാന്‍ഡിലുണ്ടായ ഇടിവ് ഇന്ത്യന്‍ ലോഹ കയറ്റുമതിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനിലെയും വടക്കേ അമേരിക്കയിലെയും വിപണി പ്രവേശന തടസ്സങ്ങളും സ്ഥിതി കൂടുതല്‍ മോശമാക്കിയതായി എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ഇഇപിസി) ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറഞ്ഞു.

എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളില്‍ ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍, വ്യാവസായിക യന്ത്രങ്ങള്‍, ഓട്ടോമൊബൈല്‍, എയര്‍പോര്‍ട്ട് സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഉള്‍പ്പെടുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ വിഹിതം ഇന്ത്യയുടെ മൊത്തത്തിലുള്ള ഔട്ട്ബൗണ്ട് കയറ്റുമതിയുടെ നാലിലൊന്ന് വരും.

ഒക്ടോബറില്‍ യുഎസിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതിയുടെ മൂല്യം 139 കോടി ഡോളറായിരുന്നു. ഇത് പ്രതിവര്‍ഷം 2.2 ശതമാനം ഉയര്‍ച്ച കൈവരിക്കുന്നുണ്ട്. അതേസമയം യുഎഇയിലേക്കുള്ള കയറ്റുമതി 2.9 ശതമാനം ഉയര്‍ന്ന് 348.6 ദശലക്ഷം ഡോളറിലെത്തി.

യുകെയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി ഒക്ടോബറില്‍ 60.3 ശതമാനം വര്‍ധിച്ച് 302.5 ദശലക്ഷം ഡോളറിലെത്തി.

അതേസമയം യൂറോപ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിളായ ഇറ്റലി, സിംഗപ്പൂര്‍, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞു. ചൈനയിലേക്കുള്ള കയറ്റുമതി 6 ശതമാനവും കുറഞ്ഞു.

പല വികസിത സമ്പദ് വ്യവസ്ഥകളും മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ആഗോള പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കുമാണ് ഇന്ത്യയുടെ പ്രധാന വിപണികളിലെ മാന്ദ്യത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആഗോള വിപണിയില്‍ വ്യവസായത്തെ മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് ഗരോഡിയ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.