image

26 Sept 2023 1:12 PM IST

World

യുഎസിന്റെ ഏറ്റവും മികച്ച സഖ്യകക്ഷി ഇന്ത്യയെന്ന് ഡിമോണ്‍

MyFin Desk

dimon says that india is the best ally of us
X

Summary

  • ആധാര്‍, ജിഎസ്ടി സംവിധാനങ്ങളെ ജെപി മോര്‍ഗന്‍ സിഇഒ പ്രശംസിച്ചു
  • ചൈന പ്രതിസന്ധികളില്‍നിന്നും പുറത്തുകടക്കുമെന്നും വിലയിരുത്തല്‍


ആഗോളതലത്തിലെ മാറ്റങ്ങള്‍, ഉക്രൈന്‍ യുദ്ധം, ചൈനയുമായുള്ള യുഎസിന്റെ സംഘര്‍ഷം എന്നിവ കണക്കിലെടുക്കുമ്പോള്‍ അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യ യു എസ് ന്റെ ഏറ്റവും മികച്ച സഖ്യകക്ഷിയായിരിക്കുമെന്ന് ജെപി മോര്‍ഗന്‍ ചേസിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാമി ഡിമോണ്‍. രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രടിപ്പിച്ചത്. കോവിഡ് പാന്‍ഡെമിക്കിനുശേഷമുള്ള തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഡിമോണ്‍.

ഇന്ത്യയുടെ ആധാര്‍ സംവിധാനത്തെയും ജിഎസ്ടി പരിഷ്‌കാരങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

'ഇത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരു വലിയ അവസരമാണെന്ന് ഞാന്‍ കരുതുന്നു. ഇരു രാജ്യങ്ങളും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും സഹകരിക്കുകയും ചെയ്യുന്നു എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യ യുഎസിന്റെ ഏറ്റമും മികച്ച സഖ്യകക്ഷിയായിരിക്കുമെന്ന് വ്യക്തമാണ്' ഡിമോണ്‍ പറഞ്ഞു.

റഷ്യയും ചൈനയും ആയുള്ള ബന്ധത്തിൽ ഇന്ത്യ ഒരു ``ചേരി, ചേര നയം'' തന്നെ സ്വീകരിക്കണം, അപ്പോള്‍ തന്നെ ഇന്ത്യ യുഎസിന്റെ ഉറ്റ ചങ്ങാതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെയും വ്യവസായികളുടെയും സ്വാതന്ത്ര്യത്തെയും ഡിമോണ്‍ പ്രശംസിച്ചു. 'ഇതൊരു ജനാധിപത്യമാണ്. ആളുകളുടെയും സംരംഭകരുടെയും സ്വാതന്ത്ര്യത്തിന്റെ ശക്തി അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ സാങ്കേതികവിദ്യയില്‍ നിങ്ങള്‍ അത് കാണുന്നു.' അദ്ദേഹം പറഞ്ഞു.

' വ്യാപാരവു- വ്യവസായവുമായി ബന്ധപ്പെട്ട എന്തിനും ഇത് ഒരു വലിയ അവസരമാണ്. ആധാര്‍ നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും അതില്‍ നിന്ന് സ്വന്തം പുരോഗതി കൈവരിക്കുകയാണ്. അത് മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. മുമ്പ്, ചുവപ്പുനാടയും ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവുകളും ഇല്ലാതാക്കാന്‍ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു,'' അദ്ദേഹം പറഞ്ഞു.

ജെപി മോര്‍ഗന്റെ ബോണ്ട് സൂചികയില്‍ ഇന്ത്യയെ ഉൾപ്പെടുത്താനുള്ള തീരുമാനം അടുത്തിടെ വന്നിരുന്നു. ബോണ്ടുകൾ സൂചികയിൽ ഉൾപ്പെടുത്തുന്നതുകൊണ്ടു ഇന്ത്യക്കു വലിയ ഭൗതിക ഫലങ്ങൾ ഉണ്ടാകുമെന്നു ഞാൻ കരുതുന്നില്ല, പക്ഷേ ഇത് ഇന്ത്യയുടെ സാമ്പത്തിക പക്വതയുടെ അടയാളമായി ലോകം എടുക്കുമെന്ന് ഡിമോണ്‍ പറഞ്ഞു.

ആഗോള സമ്പത് വ്യവസ്ഥയിൽ വലിയ ധനക്കമ്മിയും ഉയര്‍ന്ന കടവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്ന് ഡിമോണ്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥകള്‍ വീണ്ടെടുക്കുന്നതിന് മുമ്പ് ലോകം മാന്ദ്യം കണ്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന യുഎസ്എയില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.'അവര്‍ക്ക് അവരുടെ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും ഫണ്ട് നല്‍കാന്‍ കഴിയും, അവര്‍ അതില്‍ കൂടുതലും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.