1 Feb 2023 12:17 PM GMT
Summary
ഒരു സ്വകാര്യ ബാങ്ക് കടപത്രങ്ങളുടെ മൂല്യം പൂജ്യമായി കുറയ്ക്കുമ്പോള്‍, ഇടപാടുകാര്‍ സാധാരണയായി പണമോ മറ്റ് പണയ വസ്തുക്കള്‍ ഉപയോഗിച്ചോ 'ഈട്' ടോപ്പ് അപ്പ് ചെയേണ്ടതുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്രെഡിറ്റ് സുയിസ് ഗ്രൂപ്പ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകള്‍ മാര്‍ജിന്‍ ലോണുകള്‍ക്കുള്ള ഈടായി സ്വീകരിക്കുന്നത് നിര്‍ത്തി. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് മുതലായ കമ്പനികളുടെ ബാങ്ക് വായ്പ മൂല്യം പൂജ്യമാക്കി കുറച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി പോര്‍ട്‌സിന്റെ കടപ്പത്രങ്ങള്‍ക്ക് ഇതിനു മുന്‍പ് വായ്പ മൂല്യമായി 75 ശതമാനമാണ് ബാങ്ക് നല്‍കിയിരുന്നത്. മറ്റു ബാങ്കുകളും സമാനമായ സമീപനമാണ് സ്വീകരിക്കുന്നത്. ഒരു സ്വകാര്യ ബാങ്ക് കടപത്രങ്ങളുടെ മൂല്യം പൂജ്യമായി കുറയ്ക്കുമ്പോള്‍, ഇടപാടുകാര്‍ സാധാരണയായി പണമോ മറ്റ് പണയ വസ്തുക്കള്‍ ഉപയോഗിച്ചോ 'ഈട്' ടോപ്പ് അപ്പ് ചെയേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവര്‍ ഇൗട് നല്‍കിയിരിക്കുന്ന സെക്യൂരിറ്റികള്‍ ലിക്വിഡേറ്റ് ചെയ്യാം.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള ഓഹരി ഉടമകളുടെയും ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകരുടെയും പിന്തുണയോടെ അദാനി എന്റര്‍പ്രൈസസിന്റെ എഫ് പിഒ പൂര്‍ത്തിയാക്കിയതിന് ശേഷം ചില നഷ്ടങ്ങള്‍ തിരിച്ചുപിടിച്ചെങ്കിലും, ആരോപണങ്ങള്‍ക്ക് ശേഷം ഗ്രൂപ്പിന്റെ ബോണ്ടുകള്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.