image

21 Sept 2023 11:48 AM

World

ഇന്ത്യ- കാനഡ സാമ്പത്തിക ബന്ധത്തിലും വിള്ളല്‍?

MyFin Desk

ഇന്ത്യ- കാനഡ സാമ്പത്തിക ബന്ധത്തിലും വിള്ളല്‍?
X

Summary

  • ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവയിലായി 10000കോടി ഡോളറിന്റെ ഇടപാടുകള്‍
  • ഇന്ത്യയുടെ നൂറോളം കമ്പനികള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നു


ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ചീഫ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കം നയതന്ത്ര ബന്ധത്തെ മാത്രമല്ല, ഇന്തോ- കനേഡിയന്‍ സാമ്പത്തിക ബന്ധത്തെക്കൂടി ഉലയ്ക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ബിസിനസ് ലോകം..

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരബന്ധത്തില്‍, കയറ്റുമതി, ഇറക്കുമതി, നിക്ഷേപം എന്നിവയിലായി ഏതാണ്ട് 10000 കോടി ഡോളറിന്റെ ഇടപാടുകളാണുള്ളത്. ബൊംബാര്‍ഡിയര്‍, എസ് എന്‍ സി ലാവ്‌ലിന്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഏതാണ്ട് അറുന്നൂറോളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ ഉള്‍പ്പെടെ നൂറോളം ഇന്ത്യന്‍ കമ്പനികള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ കാനഡയിലെ 24000-ത്തോളം യുവജനങ്ങളുടെ ജോലി ദാദാക്കളാണ്. .

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ കാനഡ ഇന്ത്യയുടെ പ്രധാനപ്പെട്ട പങ്കാളിയാണ്. രണ്ടായിരം മുതല്‍ ഇതുവരെ ഏതാണ്ട് 3600 കോടി ഡോളര്‍ അവര്‍ നേരിട്ടു ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ കനേഡിയന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലും ,കടപ്പാത്രങ്ങളിലും നിക്ഷേപങ്ങൾ നടത്തുന്നു . സൊമാറ്റോ, ഐസി ഐസിഐ ബാങ്ക്, ടിസി എസ്, ഇന്‍ഫോസിസ് തുടങ്ങി ഇന്ത്യയിലെ നിരവധി കമ്പനികളില്‍ കനേഡിയന്‍ സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ഇനന്ത്യന്‍ ഓഹരികളില്‍ ഇതുവരെ നിക്ഷേപിച്ചിട്ടുള്ളത് 1500 കോടി ഡോളറാണ്. മറ്റൊരു പെന്‍ഷന്‍ ഫണ്ടായ സിഡിപിക്യു 600 കോടി ഡോളറും ഒണ്ടാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ 300 കോടി ഡോളറും ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ എല്ലാം കൂടി 9000 കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ഭാവി നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുവാന്‍ കാനഡയില്‍നിന്നു ട്രേഡ് ഡെലിഗേഷന്‍ അടുത്തമാസം വരാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുള്ളത്. ടീം കാനഡ എന്ന പേരിലാണ് അവര്‍ ഇവിടേയ്ക്കു സന്ദര്‍ശനം നടത്താനിരുന്നത്. കാരണം പറയാതെ സന്ദര്‍ശനം മാറ്റിയതായി അവര്‍ അറിയിച്ചിട്ടുണ്ട്.

ഇന്തോ കനേഡിയന്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു. ഇത്രയും നാളത്തെ ശ്രമങ്ങളെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാക്കുന്നത്.

ദീര്‍ഘകാലത്തെ സാംസ്‌കാരിക, വിദ്യാഭ്യാസ ബന്ധം

2021-ലെ സെന്‍സെസ് അനുസരിച്ച് കാനഡയില്‍ 770000 സിഖുകാര്‍ വസിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ സിഖ് ജനസംഖ്യയാണിത്. ഇന്ത്യയില്‍നിന്നുള്ള 3.4 ലക്ഷം വിദ്യാര്‍ത്ഥികളാണ് കാനഡിയില്‍ പഠിക്കുന്നത്. കാനഡയിലേയും ഇന്ത്യയിലേയും അറുന്നൂറിലധികം സ്ഥാപനങ്ങള്‍ തമ്മില്‍ ധാരണാപത്രവും വച്ചിട്ടുണ്ട്.

കാനഡയിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 16 ലക്ഷമാണ്. കാനഡയിലെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തോളം വരുമിത്.