image

17 Jan 2023 9:09 AM GMT

World

കോവിഡ്, റിയല്‍ എസ്റ്റേറ്റ് മാന്ദ്യം: ചൈനയുടെ ജിഡിപി 3% ആയി കുറഞ്ഞു

MyFin Desk

china gdp down twice
X

ബെയ്ജിംഗ്: സീറോ-കോവിഡ് നയവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും മൂലം ചൈനയുടെ സമ്പദ്വ്യവസ്ഥ 2022 ല്‍ മൂന്ന് ശതമാനമായി ചുരുങ്ങി. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ 50 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2022-ല്‍ ചൈനയുടെ വാര്‍ഷിക ജിഡിപി 121.02 ട്രില്യണ്‍ യുവാന്‍ (17.94 ട്രില്യണ്‍ യുഎസ് ഡോളര്‍) ആയി, ഇത ലക്ഷ്യം വെച്ചിരുന്ന 5.5 ശതമാനത്തിന് താഴെയായതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എന്‍ബിഎസ്) വ്യക്തമാക്കുന്നു. 1974ല്‍ രേഖപ്പെടുത്തിയ 2.3 ശതമാനം ജിഡിപിക്ക് ശേഷം ചൈനീസ് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണിത്. ജിഡിപി ഡോളറിന്റെ അടിസ്ഥാനത്തില്‍ 2021 ലെ 18 ലക്ഷം കോടി ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 17.94 ലക്ഷം കോടി ഡോളറായി കുറഞ്ഞു.

നാലാം പാദത്തിലെ ജിഡിപി വളര്‍ച്ച 2.9 ശതമാനമായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 3.9 ശതമാനവുമായിരുന്നു. ഷാങ്ഹായ് പോലുള്ള മുന്‍നിര വ്യാവസായിക, ബിസിനസ്സ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ആവര്‍ത്തിച്ചുള്ള കോവിഡ് ലോക്ക്ഡൗണുകളാണ് ജിഡിപിയെ ബാധിച്ചത്. വ്യാവസായിക ഉത്പാദനം 2022 ല്‍ 3.6 ശതമാനവും ഡിസംബറില്‍ 1.3 ശതമാനവും വര്‍ധിച്ചു.

രാജ്യത്തിന്റെ സ്ഥിര നിക്ഷേപ ആസ്തി 2022 ല്‍ 5.1 ശതമാനം ഉയര്‍ന്നു. 2021 ലെ8.4 ശതമാനത്തില്‍ നിന്നുമാണ് 2022 ല്‍ മൂന്ന് ശതമാനമായി കുറഞ്ഞത്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 5.5 ശതമാനമായി കുറഞ്ഞു, നവംബറിലിത് 5.7 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മൊത്തം 12.06 ദശലക്ഷം പുതിയ നഗര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, ഇത് വാര്‍ഷിക ലക്ഷ്യമായ 11 ദശലക്ഷത്തിനും മുകളിലാണ്.