image

28 Jun 2023 10:06 AM IST

World

ജാക്ക് മാ നേപ്പാളില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

MyFin Desk

jack ma
X

Summary

  • ജാക്ക് മാ എത്തിയത് ഏഴംഗ സംഘത്തോടൊപ്പം
  • ബിസിനസ് ലക്ഷ്യങ്ങള്‍ക്കായാണ് സന്ദര്‍ശനമെന്ന് സൂചന
  • മാ കാഠ്മണ്ഡുവിലിറങ്ങിയത് 15 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍


ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മാ ഒരു സ്വാകാര്യ സന്ദര്‍ശനത്തിനായി നേപ്പാളിലെത്തി. അദ്ദേഹം പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജാക്ക് മാ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി അവിടുത്തെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബംഗ്ലാദേശിലെ ധാക്ക വഴി പ്രത്യേക വിമാനത്തില്‍ കാഠ്മണ്ഡുവിലെത്തിയ ജാക്ക് മായ്ക്ക് നേപ്പാളില്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജാക്ക് മാ സ്ഥാപിച്ച ആലിബാബ ഇ-കൊമേഴ്സ് കമ്പനിയായ ദരാസിനെ ഏറ്റെടുത്തിരുന്നു. നിലവില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

ആലിബാബ സ്ഥാപകന്‍ ഏഴംഗ സംഘത്തോടൊപ്പമാണ് നേപ്പാള്‍ തലസ്ഥാനത്തെത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അദ്ദേഹത്തിന് 15 ദിവസത്തെ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിട്ടുള്ളതെന്ന്് ഇമിഗ്രേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹം വരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രത്യേക സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ല. അതുപോലെ തന്നെ സന്ദര്‍ശനോദ്യേശ്യവും വെളിപ്പെടുത്തിയിരുന്നില്ല.

ബിസിനസ് ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്ന ഒരു ധാരണ മാത്രമെ പൊതുവായി ലഭ്യമായിട്ടുള്ളു.ഏകദേശം ഒരുവര്‍ഷത്തോളം വിദേശത്ത് ചെലവഴിച്ചതിന് ശേഷമാണ് ചൈനീസ് വ്യവസായ പ്രമുഖന്‍ മുന്‍പ് ചൈനയിലേക്ക് മടങ്ങിയിരുന്നത്. 2020 നവംബറില്‍ 34 ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഐപിഒ പ്രഖ്യാപിച്ചിരുന്ന ആന്റ് കമ്പനി എല്ലാം റദ്ദാക്കിയതോടെയാണ് ജാക്ക് മാ ഒരു താഴ്ന്ന പ്രൊഫൈലിലേക്ക് മാറിയത്.

ഒരു ചടങ്ങില്‍ ജാക്ക് മാ നടത്തിയ പരമര്‍ശത്തെ തുടര്‍ന്ന് ചൈനീസ് അധികാരികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഐപിഒകള്‍ റദ്ദാക്കപ്പെട്ടത്. അതിനുശേഷം ജാക്ക് മാ രാജ്യം വിടുകയായിരുന്നു.

ചൈനയിലെ സാമ്പത്തിക നയങ്ങളെ മാ വിമര്‍ശിച്ചു സംസാരിച്ചതാണ് അധികാരികളെ ചൊടിപ്പിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച് ആലിബാബയ്‌ക്കെതിരെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കമ്പനിക്ക് 2.8 ബില്യണ്‍ ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയുടെ ഓഹരിഉടമകള്‍ ബിസിനസ് പുനഃക്രമീകരിക്കുന്നതിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആന്റ് ഗ്രൂപ്പിന്റെ നേതൃത്വം ജാക്ക് മാ ഉപേക്ഷിച്ചു.