5 July 2023 7:24 AM
Summary
- ഹൈ-ടെക്നോളജി മേഖലയെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും നടപടിയെന്ന് ചൈന
- യുഎസിനെ പ്രതിരോധത്തിലാക്കുക ലക്ഷ്യം
- ലോഹങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കമ്പനികള്‍ നെട്ടോട്ടത്തില്‍
ചിപ്പ് നിര്‍മ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണ നടപടികള്‍ ഒരു തുടക്കം മാത്രമാണെന്ന് ചൈന. മുന്‍മന്ത്രിയായ വെയ് ജിയാംഗോയെ ഉദ്ധരിച്ച് ആണ് ഈ അഭിപ്രായം പ്രകടപ്പിച്ചത്. 'ചൈനയുടെ ചിപ്പ് നിര്‍മ്മാണ സാമഗ്രികളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നന്നായി ചിന്തിച്ച് എടുത്ത തീരുമാനമാണ്. അത് എതിരാളികള്‍ക്ക് ഒരു തിരിച്ചടി ആണ്', ചൈനാ ഡെയ്‌ലിക്ക് അനുവദിച്ച അഭിമുഖത്തില്‍ വെയ് പറഞ്ഞു. ചൈനയുടെ ഹൈ-ടെക്നോളജി മേഖലയെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍, പ്രതിരോധ നടപടികള്‍ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അര്‍ധചാലകങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ആവശ്യമുള്ള ഗാലിയം, ജെര്‍മേനിയം എന്നീ രണ്ട്് ധാതുക്കള്‍ക്കാണ്് ചൈന കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മേഖലയില്‍ സാങ്കേതിക ആധിപത്യം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെയ്ജിംഗ് ഈ നടപടി സ്വീകരിച്ചത്. ഇത് പ്രധാനമായും യുഎസിനെയും യൂറോപ്യന്‍ യൂണിയനെയും ലക്ഷ്യമിട്ട് നടത്തിയ നീക്കമാണ്.
കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ധാതുക്കള്‍ 70ശതമാനത്തിലധികം എത്തുന്നത് ചൈനയില്‍ നിന്നാണ്. അര്‍ധചാലകങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും സാധാരണയായി ഉപയോഗിക്കുന്ന ഈ ലോഹങ്ങളുടെ ലഭ്യത കുറയുന്നതോടെ കമ്പനികള്‍ ബദല്‍ സപ്ലൈകള്‍ സുരക്ഷിതമാക്കാന്‍ നെട്ടോട്ടമോടുകയാണ്.
ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കയറ്റുമതി നിയന്ത്രണങ്ങളുടെ പെട്ടെന്നുള്ള പ്രഖ്യാപനം, ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ രംഗത്ത് യുഎസിന്റെ നിലപാട് നിര്‍ണായകമാണ്. കാരണം വന്‍കിട കമ്പനികള്‍ ഭൂരിപക്ഷവും യുഎസ്,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. അതിനാല്‍ അവയെ ബാധിക്കുന്ന ഗുരുതരപ്രശ്‌നത്തില്‍ നിന്ന് അവര്‍ പിന്മാറുകയില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം യുഎസ്-ചൈന വ്യാപാര തര്‍ക്കം ഒത്തുതീര്‍പ്പാകുക എന്നതു മാത്രമാണ്.
ചൈനയുടെ സാങ്കേതിക പുരോഗതി പരിമിതപ്പെടുത്തുന്നതിന് വാഷിംഗ്ടണ്‍ സ്വീകരിച്ച നടപടികളോടുള്ള പ്രതികരണമാണ് ഇതെന്ന് ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കപ്പെട്ട ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നു.
ഗാലിയം, ജെര്‍മേനിയം എന്നിവയുടെ ആഗോളതലത്തിലെ വലിയ ഉല്‍പ്പാദകരും വിതരണക്കാരുമാണ് ചൈന. കസ്റ്റംസ് ഡാറ്റ അനുസരിച്ച്, 2022 ല്‍, ചൈനയുടെ ഗാലിയം ഉല്‍പ്പന്നങ്ങളുടെ മുന്‍നിര ഇറക്കുമതിക്കാര്‍ ജപ്പാന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവയാണ്. അതുപോലെ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയായിരുന്നു ചൈനീസ് ജെര്‍മേനിയം ഉല്‍പ്പന്നങ്ങളുടെ മുന്‍നിര ഇറക്കുമതിക്കാര്‍.
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഗോളതലത്തില്‍ തന്നെ വാണിജ്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. ഓസ്ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ ജെര്‍മേനിയം, ഗാലിയം പദ്ധതികള്‍ പര്യവേക്ഷണം ചെയ്യാനുള്ള ആഗ്രഹം നൈര്‍സ്റ്റാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നിയോ പെര്‍ഫോമന്‍സിന്റെ സിഇഒ കോണ്‍സ്റ്റന്റൈന്‍ കരയനോപൗലോസ് പറയുന്നതനുസരിച്ച്, ചൈനീസ് വിതരണമില്ലാതെ ഗാലിയത്തിന്റെ വിപണി ആവശ്യം നിറവേറ്റുന്നത് വെല്ലുവിളി ആയിരിക്കും എന്നാണ്. എന്നിരുന്നാലും, ഉചിതമായ നടപടികളിലൂടെ സാധ്യമായ പരിഹാരങ്ങള്‍ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.
'ചൈനയ്ക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ അനന്തരഫലമായ നടപടിയായിരിക്കാം ഇത്, കാരണം മറ്റ് ഓപ്ഷനുകളെപ്പോലെ ഇത് ഉപദ്രവകാരിയല്ല,' കരയാനോപൗലോസ് പറഞ്ഞു. മറുവശത്ത്, ഇത് വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഒരു പുതുവഴി കമ്‌ടെത്താനുള്ള അവസരം കൂടിയാണ്. ചൈനക്ക് പുറത്ത് ഉയര്‍ന്ന ശുദ്ധിയുള്ള ഗാലിയത്തിന്റെ സോഴ്‌സുകള്‍ കണ്ടെത്താനുള്ള അവസരമാണിത്.
മൈക്രോണിന്റെ നിരോധനത്തെത്തുടര്‍ന്ന് ചൈന നടപ്പാക്കിയ കയറ്റുമതി നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രതിരോധ നടപടിയായി കണക്കാക്കപ്പെടുന്നു. യുഎസ്-ചൈന പിരിമുറുക്കം അതിവേഗം വര്‍ദ്ധിക്കുന്നതിനുള്ള അപകടസാധ്യത ചെറുതല്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ജെര്‍മേനിയം ഉല്‍പ്പാദകരായ ടെക്ക് റിസോഴ്സിന്റെ ഓഹരികള്‍ ഉയര്‍ന്നു. കൂടാതെ, അര്‍ധചാലക ഉല്‍പ്പാദനത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളിലും ഉണര്‍വ് പ്രകടമാണ്.