image

29 Feb 2024 9:12 AM GMT

World

ചൈനയുടെ നിക്ഷേപ സൗഹൃദ നിര്‍ദ്ദേശം; എതിര്‍ത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

MyFin Desk

ചൈനയുടെ നിക്ഷേപ സൗഹൃദ നിര്‍ദ്ദേശം;  എതിര്‍ത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും
X

Summary

  • ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം അബുദാബിയില്‍
  • കൂടുതല്‍ രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ചൈനീസ് ശ്രമം
  • നിര്‍ദ്ദേശം ഒപ്പിട്ട രാജ്യങ്ങള്‍ക്കു മാത്രം ബാധകം


ലോക വ്യാപാര സംഘടനയുടെ മന്ത്രിതലയോഗത്തില്‍ ചൈനയുമായി ഇടഞ്ഞ് ഇന്ത്യ. സമ്മേളനത്തില്‍ ചൈനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ നിക്ഷേപ സൗഹൃദ നിര്‍ദ്ദേശത്തിനെതിരെയാണ് ഇന്ത്യ എതിര്‍പ്പുമായി എത്തിയത്. ദ്ക്ഷിണാഫ്രിക്കയും നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ് അറിയച്ചതോടെ ഒദ്യോഗിക രേഖകളില്‍നിന്ന് ഈ നിര്‍ദ്ദേശം ഒഴിവാക്കപ്പെട്ടു.നിര്‍ദ്ദേശത്തില്‍ സമവായം ഉണ്ടായാല്‍ മാത്രമെ അത് ഔദ്യോഗികമാക്കുകയുള്ളു.

ലോകവ്യാപാര സംഘടനയുടെ 13-മത് മന്ത്രിതലസമ്മേളനമാണ് ഇപ്പോള്‍ അബുദാബിയില്‍ നടക്കുന്നത്. യോഗം നാലുദിവസം നീണ്ടുനില്‍ക്കും.

ഡബ്ല്യുടിഒയിലെ 123 അംഗ രാജ്യങ്ങള്‍ ചൈനയുടെ നിക്ഷേപ സൗഹൃദ നിര്‍ദ്ദേശം (ഐഎഫ്ഡി) അംഗീകരിച്ചിരുന്നു. നിക്ഷേപ നിയന്ത്രണങ്ങളിലുള്ള സുതാര്യത കൂടുതല്‍ മെച്ചപ്പെടുത്താനും രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാനും ഈ നിര്‍ദ്ദേശം ശ്രമിക്കുന്നു. എന്നാല്‍ പല വികസ്വര രാജ്യങ്ങളും ദുര്‍ബലമായ വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടുകയാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി നിക്ഷേപം നടത്തുകയായിരുന്നു ചൈനീസ് ലക്ഷ്യം.

ഡബ്ല്യുടിഒയുടെ ബഹുമുഖ സ്വഭാവത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് പറഞ്ഞ് ഇന്ത്യ ഈ നിര്‍ദ്ദേശത്തെഎതിര്‍ക്കുകയായിരുന്നു. ചൈനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡബ്ല്യുടിഒയുടെ അനുബന്ധം-4 വഴി നിര്‍ദ്ദേശം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഈ നിര്‍ദ്ദേശം ഒപ്പിട്ട അംഗങ്ങള്‍ക്ക് ബാധകമായിരിക്കും. എതിര്‍ക്കുന്നവര്‍ക്ക് വേണ്ടിയല്ല. അതിനാല്‍ നിര്‍ദ്ദേശിക്കപ്പെടാത്തതും ബഹുമുഖമല്ലാത്തതുമായ പ്രശ്‌നം സംഘടനയുടെ ചട്ടക്കൂടിനെ ലംഘിക്കുമെന്ന് ഇന്ത്യ പറഞ്ഞു.

രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍, ഡബ്ല്യുടിഒയുടെ ഔപചാരിക ഘടനയ്ക്ക് പുറത്താണ് അത് ചെയ്യേണ്ടതെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

'കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഡബ്ല്യുടിഒയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലും ഇന്ത്യ ഇത് (ഐഎഫ്ഡി നിര്‍ദ്ദേശം) തടഞ്ഞിരുന്നു. ഇത് ഒരു വ്യാപാര കരാറാണോ എന്നത് തര്‍ക്കവിഷയമാണ്,' ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2017ല്‍ ചൈനയും ചൈനീസ് നിക്ഷേപങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളും ചേര്‍ന്നാണ് ഐഎഫ്ഡി ആദ്യമായി ആവിഷ്‌കരിച്ചത്.