7 Nov 2023 3:15 PM IST
Summary
- വരും മാസങ്ങളില്‍ ആഭ്യന്തര ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ സാധ്യത
കയറ്റുമതിയില്‍ ചൈനക്ക് കനത്ത തകര്‍ച്ച. പ്രവചിച്ചതിലും വേഗത്തിലാണ് ഇടിവെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റംസ് അസ്ഡമിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നാല് ശതമാനം ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ് കയറ്റുമതി. ഡോളറില്‍ കയറ്റുമതിയില്‍ 6.4 ശതമാനം ഇടിവ് കാണിച്ചിട്ടുണ്ട്.
ആഗോള ഡിമാന്‍ഡ് കുറയുകയും ആഭ്യന്തര ഡിമാണ്ട് വീണ്ടെടുക്കല്‍ മന്ദഗതിയിലാകുകയും ചെയ്യുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്. ഉപഭോഗം ദുര്‍ബലമായതിനെത്തുടർന്ന് ചൈന കഴിഞ്ഞ വര്‍ഷാവസാനം സീറോ-കോവിഡ് നയം ഉപേക്ഷിച്ച് ബിസിനസ്സ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടത്തി വരികയാണ്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചെറിയ തിരിച്ചുവരവു കാണിച്ചുവെങ്കിലും മേയ് മുതല്‍ കയറ്റുമതി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക വളർച്ച മന്ദഗതിയിലായത് കയറ്റുമതി വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു. വരും മാസങ്ങളില്‍ ബാഹ്യ ഡിമാന്‍ഡ് ദുര്‍ബലമായി തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ഇറക്കുമതിയില്‍ 3.0 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രവചനങ്ങള്‍ 5.0 ശതമാനം എന്നതായിരുന്നു. ഇറക്കുമതിയിലെ വര്‍ധന ചൈനയിലെ ആഭ്യന്തര ഡിമാന്റ് ദുര്‍ബലതയില്‍ നിന്നും കരകയറുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ ചില്ലറ വില്‍പ്പന പോലുള്ള മറ്റ് സൂചകങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആഭ്യന്തര ഡിമാന്‍ഡ് മെച്ചപ്പെടുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒക്ടോബറിലെ പോസിറ്റീവ് നീക്കം മാത്രം പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍.
ധനനയം കൂടുതല്‍ സജീവമായതിനാല്‍, വരും മാസങ്ങളില്‍ ആഭ്യന്തര ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നാണഅ വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ ചൈന മിതമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ലേക്കുള്ള 'ഏകദേശം അഞ്ച് ശതമാനം' വളർച്ച ഔദ്യോഗിക ലക്ഷ്യം കൈവരിക്കാന്‍ ചൈന ശ്രമിക്കുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ ലക്ഷ്യങ്ങളിലൊന്നാണിത്.
അടിസ്ഥാനസൌകര്യ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി യുവാന്‍ (13700 കോടി ഡോളര്‍) സോവറിന്‍ ബോണ്ടുകള്‍ നല്‍കുമെന്ന് ചൈന കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കൂടാതെ വിവിധ മേഖലകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2021 ന് ശേഷം ആദ്യമായി ചൈന ജൂലൈയില്‍ പണപ്പെരുപ്പത്തിലേക്ക് വീഴുകയായിരുന്നു. എങ്കിലും വരും മാസങ്ങളില്‍ വീണ്ടും തിരിച്ച് വരവ് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.