image

19 Oct 2023 6:02 AM

World

വിദേശനിക്ഷേപകര്‍ക്ക് ചുവപ്പ് പരവതാനിയുമായി ചൈന

MyFin Desk

China | PMI | China PMI | China Services PMI
X

Summary

  • പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ തിരിച്ചടി
  • നിര്‍മ്മാണ മേഖലയിലെ എഫ്ഡിഐ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുന്നു
  • നിലവില്‍ ചൈനയിലെ നിര്‍മ്മാണ മേഖല കടക്കെണിയില്‍


ആഭ്യന്തര ഉല്‍പ്പാദന മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ചൈന നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ആഗോളരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഭ്യന്തര, വിദേശ സ്വകാര്യ മേഖലകളോട് ബെയ്ജിംഗിന്റെ ആക്രമണാത്മക സമീപനവും കാരണം പ്രധാനപ്പെട്ട വിദേശ സ്ഥാപനങ്ങള്‍ അവരുടെ ചൈന ബിസിനസ് പ്രവർത്തനം പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്ത് കൂടുതല്‍ വിദേശ ബിസിനസുകളെ എത്തിക്കുന്നതിനാണ് ഈ നീക്കം. മിക്ക വിദേശ കമ്പനികളും ചൈനാ പ്ലസ് എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.

2023 -ല് ആദ്യ ഏഴുമാസക്കാലത്ത് 2022 -നെ അപേക്ഷിച്ച് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 9 . 8 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്. 2022 -ല്‍ ചെനയിലേക്കുള്ള എഫ് ഡിഐ 18900 കോടി ഡോളറായിരുന്നു.

ചൈനയിലെ വിദേശ കമ്പനികളുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്നെയാണ് പ്രഖ്യാപിച്ചത്. ബെയ്ജിംഗില്‍ ആരംഭിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തിലെ മുഖ്യ പ്രഭാഷണത്തിലാണ് ഇക്കാര്യം ഷി ജിന്‍പിംഗ് വ്യക്തമാക്കിയത്. ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

'നിര്‍മ്മാണ മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളഞ്ഞത്, പുറം ലോകത്തേക്കുള്ള ചൈനയുടെ വാതില്‍ വിശാലവമാക്കുന്നതിന്‍റെ സൂചനയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു ഗവേഷകന്‍ പറഞ്ഞു.

എങ്കിലും ചൈനയുടെ ഉല്‍പ്പാദന മേഖലയില്‍ വിദേശ നിക്ഷേപത്തിന് കുറച്ച് നിയന്ത്രണങ്ങള്‍ നിലനില്‍ക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെ പ്രതീകാത്മകമായി മാത്രമാണ് പലകമ്പനികളും വിലയിരുത്തുന്നത്. വിദേശ കമ്പനികളുടെ നിക്ഷേപം നിരോധിച്ചിരിക്കുന്നതോ നിയന്ത്രിച്ചിരിക്കുന്നതോ ആയ മേഖലകളെ നിര്‍വചിക്കുന്നതിന് ബെയ്ജിംഗ് പതിവായി ഒരു നെഗറ്റീവ് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്.

2021-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നെഗറ്റീവ് പട്ടികയില്‍ ഉല്‍പ്പാദന മേഖലയ്ക്ക് രണ്ട് നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്.

അച്ചടി പ്രസിദ്ധീകരണങ്ങള്‍ ഭൂരിഭാഗവും ഒരു ചൈനീസ് യൂണിറ്റിന്റെ ഉടമസ്ഥതയിലായിരിക്കണം; ചില ചൈനീസ് മരുന്നുകളുടെ സംസ്‌കരണത്തിലും ഉല്‍പ്പാദനത്തിലും നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ സ്ഥാപനങ്ങള്‍ക്ക് വിലക്കുണ്ട്. ഷിയുടെ പ്രഖ്യാപനം ഈ ശേഷിക്കുന്ന രണ്ട് നിയന്ത്രണങ്ങളും നീക്കുന്നതായാണ് സൂചന.

കൂടുതല്‍ വിദേശ നിക്ഷേപത്തിനായി തങ്ങളുടെ ഉല്‍പ്പാദന മേഖല തുറന്നുകൊടുക്കാന്‍ ചൈനീസ് സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളില്‍ ശ്രമിച്ചു വരികയാണ്. ഉദാഹരണത്തിന്, 2018-ല്‍, ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡുകളും നിര്‍മ്മിക്കുന്ന സംരംഭങ്ങളുടെ വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ പരിധികളും അധികൃതര്‍ എടുത്തുകളഞ്ഞിരുന്നു. 2022-ല്‍ എല്ലാ പാസഞ്ചര്‍ കാര്‍ സംരംഭങ്ങളിലേക്കും ഈ നടപടി വ്യാപിപ്പിച്ചു.

ചൈനയുടെ സമ്പദ് വ്യവസ്ഥ വിപുലപ്പെടുത്താനും രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഈ പുതിയ നീക്കം പര്യാപ്തമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഇതിനകം, ആപ്പിള്‍പോലുള്ള ഭീമന്മാര്‍ മുതല്‍ കനോയ് പ്രൊഡ്യൂസര്‍ ഗ്രേ ഡക്ക് ഔട്ട്ഡോര്‍ പോലുള്ള ചെറു കമ്പനികള്‍ വരെ ചൈനയില്‍ നിന്ന് തങ്ങളുടെ ഉത്പാദന- വിതരണ ശൃംഖല വൈവിധ്യവത്കരിക്കുകയാണ്. കാരണം കോവിഡിനുശേഷമുള്ള ചൈനയെയും അവിടുള്ള സമ്പദ് വ്യവസ്ഥയെയും ആഗോള കമ്പനികള്‍ അത്ര വിശ്വാസത്തില്‍ എടുക്കുന്നില്ല. തീരുമാനം എപ്പോള്‍വേണമെങ്കിലും മാറാം എന്നത് ചൈനയുടെ പ്രത്യേകതയാണ്. അതിന് ആരെയും കാരണം ബോധിപ്പിക്കേണ്ടതുമില്ല. ഇതാണ് വിദേശീയരുടെ സംശയത്തിന്‍റെ അടിസ്ഥാനം.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍ തകര്‍ച്ച ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെത്തന്നെ മുരടിപ്പിച്ചിര്രുകയാണ്. പ്രതിസന്ധികള്‍ ചൈനയില്‍ ഒഴിയാബാധപോലെ തുടരുകയാണ്. കൂടാതെ ഷി ജിന്‍പിംഗിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളും സാമ്പത്തികമായി തിരിച്ചടിയായി. അതില്‍ നിന്ന് ഒരു തിരിച്ചുവരവാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്.