31 July 2024 5:35 AM GMT
Summary
- വ്യാപാരങ്ങള്‍ പലതും തര്‍ക്കകേസുകളില്‍പ്പെടുന്നു
- ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളും മറ്റ് കൃത്രിമ വസ്തുക്കളും നല്‍കി കമ്പനികള്‍ കബളിപ്പിക്കുന്നു
- അഡ്വാന്‍സ്ഡ് പേയ്മെന്റുകള്‍ക്ക് ശേഷം ഷിപ്പ്മെന്റുകള്‍ അയക്കാതിരിക്കുന്നതും തട്ടിപ്പില്‍ പെടുന്നു
ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുമ്പോള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബെയ്ജിംഗിലെ ഇന്ത്യ എംബസി. പ്രത്യേകിച്ചും ആഭ്യന്തര ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നിര്‍ദ്ദേശം വന്നത്.
ചൈനീസ് സ്ഥാപനങ്ങളുമായി വ്യാപാരം നടത്തുന്ന ഇന്ത്യന്‍ കമ്പനികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ എംബസി പതിവായി നേരിടുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ഈ ഉപദേശവും അതിന്റെ അനുബന്ധ രേഖകളും ശ്രദ്ധിക്കണമെന്നും ചൈനീസ് സ്ഥാപനങ്ങളുമായി ഇടപെടുമ്പോള്‍ മതിയായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു- ഇന്ത്യന്‍ ട്രേഡ് അഡൈ്വസറി പറഞ്ഞു.
വ്യാപാര തര്‍ക്ക കേസുകളില്‍ ഭൂരിഭാഗവും ഷാന്‍ഡോംഗ്, ഹെബെയ്, ഗുവാങ്ഡോംഗ്, ജിയാങ്സു, ഷെജിയാങ് പ്രവിശ്യകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടേതാണെന്ന് മിഷന്‍ നിരീക്ഷിക്കുന്നു. അതിനാല്‍, ഈ പ്രവിശ്യകളില്‍ നിന്നുള്ള കമ്പനികളുമായി വ്യാപാരം നടത്തുന്നതിന് മുമ്പ് ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാനാണ് നിര്‍ദ്ദേശം.
ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുക, രാസവസ്തുക്കള്‍ അല്ലെങ്കില്‍ സിലിക്കണ്‍ കാര്‍ബൈഡിന് പകരം മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയ നടപടികള്‍ ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്.
അഡ്വാന്‍സ്ഡ് പേയ്മെന്റുകള്‍ക്ക് ശേഷം ഷിപ്പ്മെന്റുകള്‍ അയയ്ക്കാനുള്ള വിസമ്മതം, അല്ലെങ്കില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമുള്ള വില വര്‍ധിപ്പിക്കല്‍ എന്നിവ മറ്റു പ്രശ്‌നങ്ങളാണ്.
ഇന്ത്യന്‍ കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം, ചരക്കിന്റെ നിയന്ത്രണം ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തതിന് ശേഷം പണമടയ്ക്കാത്തത്, അല്ലെങ്കില്‍ മാര്‍ക്കറ്റ് മൂല്യം കരാര്‍ വിലയില്‍ താഴെയാണെങ്കില്‍ കയറ്റുമതി ചെയ്യുന്ന ഇനങ്ങളുടെ ഡെലിവറി എടുക്കാന്‍ വിസമ്മതിക്കുക എന്നിവയും ഉള്‍പ്പെടുന്നു.
വലിയ ഇടപാടുകളുടെ കാര്യത്തില്‍, ചൈനീസ് സ്ഥാപനത്തിന്റെ ബിസിനസ്സ് സുതാര്യത, സാമ്പത്തിക ആരോഗ്യം, പ്രശസ്തി, വിശ്വാസ്യത, ക്രെഡന്‍ഷ്യലുകള്‍ എന്നിവയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുന്ന ഒരു ബിസിനസ് സേവന കമ്പനിയുമായി ഇന്ത്യന്‍ കമ്പനികള്‍ കൂടിയാലോചിക്കണമെന്ന് എംബസി ഉപദേശിക്കുന്നു.
രാഷ്ട്രീയ പിരിമുറുക്കം ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിച്ചു. 2021-22 ല്‍ ചരക്കുകളുടെ ബിസിനസ് 100 ബില്യണ്‍ കവിഞ്ഞു. 2023-24ല്‍ യുഎസിനെ പിന്തള്ളി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. 2023-24 ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാരം നടത്തിയ വസ്തുക്കളുടെ ആകെ മൂല്യം 118.4 ബില്യണ്‍ ഡോളറാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.