image

24 March 2023 5:18 AM GMT

Banking

പിടി തരാതെ വിലക്കയറ്റം, പിടിച്ച് നിർത്താൻ കേന്ദ്ര ബാങ്കുകളും: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ ഉയർത്തി

MyFin Desk

bank of england raises rates again
X

Summary

തുടർച്ചയായ 11 ആം തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത്


പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനം നിരക്കുയർത്തി. ഇതോടെ പലിശ നിരക്ക് 4 ശതമാനത്തിൽ 4.25 ശതമാനമായി. ബാങ്കിങ് മേഖലയിൽ അതി രൂക്ഷമായ പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിൽ കൂടിയും, പ്രതീക്ഷകൾക്കനുസൃതമായി നിരക്ക് വർധന നയം സ്വീകരിക്കുകയായിരുന്നു. ഇതോടെ പലിശ നിരക്ക് 2008 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർച്ചയായ 11 ആം തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത് . യു എസ് ഫെഡ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവരും നിരക്കുയർത്തിയതിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് വർധിപ്പിക്കുന്നത് .

നിലവിൽ സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളികളാണ് നേരിടുന്നതെങ്കിലും, പണപ്പെരുപ്പം വരുതിയിലാക്കുന്നതിനാണ് യു എസ് ഫെഡും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടക്കമുള്ള കേന്ദ്ര ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈയടുത്ത പ്രമുഖ ബാങ്കുകൾക്ക് നേരിടേണ്ടി വന്ന തകർച്ച മൂലം ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കയേക്കാൾ പണപ്പെരുപ്പത്തിന് മുൻതൂക്കം നൽകി കൊണ്ടുള്ള നയമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും കൈകൊണ്ടത്. മാത്രമല്ല മുന്നോട്ടേക്കും നിരക്ക് വർധനയുടെ സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ബാങ്ക് തുടരുന്ന കർശനമായ പണ നയം അടുത്ത കാലത്തേക്ക് പിൻവലിക്കില്ല എന്ന സാധ്യതകൾക്കും ഊന്നൽ നൽകുന്നു.

ബാങ്ക് ഓഫ് ഇംഗ്ളണ്ട് നിരക്ക് വർധനയിൽ ഇളവ് വരുത്തിയേക്കാമെന്ന പ്രതീക്ഷ നിക്ഷേപകരിൽ ഉണ്ടായിരുന്നു. എന്നാൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കുകൾ അപ്രതീക്ഷിതമായ വർദ്ധനവിനെ സൂചിപ്പിക്കുന്നതായിരുന്നു.

യു എസ് ഫെഡും 25 ബേസിസ് പോയിന്റാണ് നിരക്കുയർത്തിയത്. ഇതോടെ ഫെഡ് നിരക്ക് 5 ശതമാനത്തിലെത്തി. ഫെഡും നിരക്ക് വർധനയുടെ സാധ്യതകളെ നില നിർത്തി കൊണ്ടുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്. പണപ്പെരുപ്പം കുറക്കുന്നതിന് കാര്യമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും വരുതിയിലാക്കുന്നതിന് ബാങ്കുകൾ പരാജപ്പെടുന്നു എന്നതാണ് വാസ്തവം.

ആർ ബി ഐ കഴിഞ്ഞ മെയ് മാസംമുതൽ 2.5 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. യു എസ് ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക്, എന്നിവയും സ്വസ് ബാങ്ക് ക്രെഡിറ്റ് സ്യൂസുമടക്കം ആഗോള ബാങ്കുകളെല്ലാം നിരക്ക് വർധനയിൽ വലിയ തകർച്ചയാണ് നേരിട്ടത്. ഇത് ബാങ്കിങ് മേഖലയെയും, സമ്പദ് വ്യവസ്ഥയെ തന്നെ ആഘാതമുണ്ടാക്കുമ്പോൾ നിരക്ക് വർധനവല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ കേന്ദ്ര ബാങ്കുകളും സമ്മർദ്ദത്തിലാണ്.