3 Jan 2023 6:00 PM IST
ന്യൂയോര്‍ക്ക്: ആഗോള സമ്പദ് വ്യവസ്ഥകളില്‍ മൂന്നിലൊന്നും 2023 ല്‍ മാന്ദ്യം നേരിടുമെന്ന് ഐഎംഎഫ് ചീഫ് ക്രിസ്റ്റലിന ജോര്‍ജ്ജീവ. മുന്‍ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം കഠിനമായിരിക്കും. യുഎസ്, യൂറോപ്യന്‍, ചൈന സമ്പദ് വ്യവസ്ഥകളെല്ലാം മന്ദഗതിയിലാകും. പത്ത് മാസത്തിലേറെയായി യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക്, ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ കുതിച്ചുചാട്ടം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ഐഎംഎഫ് കരുതന്നതായി് ജോര്‍ജീവ അഭിപ്രായപ്പെട്ടത്.
മാന്ദ്യം അനുഭവപ്പെടാത്ത രാജ്യങ്ങളാണെങ്കില്‍ കൂടി അവിടുത്തെ ദശലക്ഷ കണക്കിന് ജനങ്ങള്‍ക്ക് ഇത് മാന്ദ്യം പോലെ അനുഭവപ്പെടും. 2022 ഒക്ടോബറില്‍ ഐഎംഎഫ് 2023 ലെ വളര്‍ച്ച അനുമാനം കുറച്ചിരുന്നു. 2021 ലെ ആറ് ശതമാനത്തില്‍ നിന്നും 2022 ല്‍ 3.2 ശതമനാമായും, 2023 ല്‍ 2.7 ശതമാനമായുമാണ് വളര്‍ച്ച അനുമാനത്തില്‍ കുറവു വരുത്തിയത്. ഇത് 2001 നുശേഷമുള്ള ഏറ്റവും മോശം വളര്‍ച്ച അനുമാനമാണെന്നും ജോര്‍ജീവ വ്യക്തമാക്കി.
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചൈന സീറോ കോവിഡ് പോളിസി ഉപേക്ഷിച്ചിരുന്നു. വരുന്ന രണ്ട് മാസങ്ങള്‍ ചൈനയെ സംബന്ധിച്ച് നിര്‍ണായകമാണ്. ചൈനയുടെ വളര്‍ച്ചയെ ഇത് നെഗറ്റീവായി ബാധിക്കും, കൂടാതെ, ഈ പ്രദേശത്തെ വളര്‍ച്ചയെയും, ആഗോള വളര്‍ച്ചയെയും ഇത് മോശമായി ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.