image

17 July 2023 12:32 PM IST

World

140 രാഷ്ട്രങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കായുള്ള ആഗോള നികുതി ഉടമ്പടിയിലേക്ക്

MyFin Desk

140 nations to global tax treaty for multinational companies
X

Summary

  • വികസ്വര രാഷ്ട്രങ്ങള്‍ക്ക് പ്രത്യാഘാതം ഉണ്ടാകരുതെന്ന് ഇന്ത്യ
  • കരാര്‍ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ച് യുഎസ്
  • കരാര്‍ നടപ്പിലാക്കുക ഒഇസിഡി ചട്ടക്കൂടിന് കീഴില്‍


ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെല്ലാം നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന തരത്തില്‍, ആഗോള നികുതി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച ഒരു കരാറിലേക്ക് യുഎസും ഇന്ത്യയും ഉള്‍പ്പടെ 140ഓളം രാജ്യങ്ങള്‍ നീങ്ങുന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. യോഗത്തിന് അനുബന്ധമായി ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ആഗോള നികുതി ഇടപാട് അന്തിമമാക്കുന്നതിലുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ അഭിനന്ദിച്ചു.

“നമ്മള്‍ ഒരു കരാറിലേക്ക് അടുത്തിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഉഭയകക്ഷി യോഗത്തില്‍ യെല്ലൻ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികൾ അവർ പ്രവർത്തിക്കുന്ന ഓരോ രാജ്യത്തും കുറഞ്ഞത് 15 ശതമാനം നിരക്കില്‍ നികുതി അടയ്‌ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തില്‍ അന്താരാഷ്‌ട്ര നികുതി സമ്പ്രദായത്തില്‍ ഭേദഗതി വരുത്തുന്നതിനാണ് 140ഓളം രാജ്യങ്ങള്‍ സമ്മതം അറിയിച്ചിട്ടുള്ളത്. എങ്കിലും, എല്ലാ ഡിജിറ്റൽ സേവന നികുതിയും സമാനമായ മറ്റ് തീരുവകളും നീക്കം ചെയ്യാനും ഭാവിയിൽ അത്തരം നികുതികള്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദിഷ്ട കരാര്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.

ലാഭ വിഹിതത്തിന്‍റെ പങ്കു കണക്കാക്കുന്നതും നികുതി നിയമങ്ങൾ ബാധകമാകാവുന്നതിന്‍റെ വ്യാപ്തിയും ഉൾപ്പെടെയുള്ള ചില സുപ്രധാന വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇനിയും ധാരണ ഉണ്ടാകേണ്ടതുണ്ട്. നിര്‍ദിഷ്ട കരാറിന്‍റെ സാങ്കേതിക വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം വിവിധ രാഷ്ട്രങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് ഒരു 'സമവായ ഉടമ്പടി' നടപ്പാക്കുക.

നിർദിഷ്ട കരാറില്‍ പ്രധാനമായും രണ്ട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലൊന്ന് ലാഭത്തിന്‍റെ അധിക വിഹിതം വിവിധ സമ്പദ് വ്യവസ്ഥകളില്‍ വീണ്ടും വിതരണം ചെയ്യുന്നതാണ്. രണ്ടാമത്തെ ഘടകം ചുരുങ്ങിയ നികുതി പരിധിയുമായും നികുതി നിയമങ്ങളുടെ സാധുതയുമായും ബന്ധപ്പെട്ടതാണ്. ചില പ്രത്യേക വ്യവസ്ഥകള്‍ സംബന്ധിച്ച് ചില വിപണികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒഇസിഡി) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഒഇസിഡി-യുടെ ഇന്‍ക്ലൂസിവ് ചട്ടക്കൂടിനു കീഴിലാണ് ആഗോള നികുതി കരാര്‍ അഥവാ മള്‍ട്ടി ലാറ്ററല്‍ കണ്‍വെന്‍ഷന്‍ (എംഎല്‍സി) നടപ്പിലാക്കുന്നത്. എം‌എൽ‌സിയെ വേഗത്തിൽ ഒപ്പിടാൻ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഒഇസിഡി പറഞ്ഞു.

നിർദ്ദിഷ്‌ട ആഗോള മിനിമം നികുതി കരാര്‍ നടപ്പിലാക്കുമ്പോള്‍, ഉദ്ദേശിക്കാത്ത തരത്തിലുള്ള എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ അത് വികസ്വര രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുന്നതില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ഇന്ത്യ ജി 20 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള നികുതി സമ്പ്രദായത്തിനുള്ള കൂട്ടായ്മയുടെ മൂന്നിലൊന്ന് വികസ്വര രാഷ്ട്രങ്ങളാണ്.

നേരത്തേ ഇന്ത്യ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ സേവന നികുതി യുഎസിന്‍റെ ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിലെ വ്യാപാര തര്‍ക്കങ്ങള്‍ ശക്തമായ സാഹചര്യം കൂടിയായിരുന്നു അത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഡിജിറ്റല്‍ സേവന നികുതി സംബന്ധിച്ച് ഒരു സമവായത്തിലേക്ക് ഇന്ത്യയും യുഎസും എത്തുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും നികുതി വ്യവസ്ഥകള്‍ പരസ്പരം ഒത്തുപോകുന്ന തരത്തിലേക്ക് ക്രമീകരിച്ചു. ഇന്ത്യക്കു പുറമേ ഓസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി, യുകെ, സ്പെയിന്‍ തുടങ്ങിയ വിവിധ രാഷ്ട്രങ്ങളുമായും 2021ല്‍ യുഎസ് സമാനമായ ധാരണകളില്‍ എത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയുടെ കാര്യത്തില്‍ ആഗോള തലത്തില്‍ സ്വീകാര്യമായ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.