image

11 Jan 2023 12:00 PM GMT

Kerala

വിജയം കൊയ്ത സൗന്ദര്യക്കൂട്ട്; 800 രൂപയില്‍ നിന്നും അനു നേടുന്നത് ഒരു ലക്ഷത്തോളം രൂപ

MyFin Bureau

graftwomans beautykit
X

Summary

  • 800 രൂപകൊണ്ട് 14 ബോട്ടില്‍ ഹെയര്‍ കെയര്‍ ഓയില്‍ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കിയായിരുന്നു തുടക്കം


ക്രാഫ്റ്റ് ടീച്ചറായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി അനു ശരത് ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് ക്രാഫ്റ്റ്‌സ് വുമണ്‍ എന്ന പേരില്‍ ഒരു സംരംഭം ആരംഭിക്കുന്നത്. 800 രൂപകൊണ്ട് 14 ബോട്ടില്‍ ഹെയര്‍ കെയര്‍ ഓയില്‍ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കിയായിരുന്നു തുടക്കം. അങ്ങനെ തുടങ്ങിയ സംരംഭത്തിന് ഇന്നുള്ളത് മൂന്നിലേറെ പ്രൊഡക്ടുകളും ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കളുമാണ്. കുഞ്ഞിന്റെ ജനനത്തോടെ ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങിപ്പോകുമായിരുന്ന ജീവിതം സംരംഭത്തിനുവേണ്ടി മാറ്റിവച്ചപ്പോള്‍ കൂടെ എല്ലാ സപ്പോര്‍ട്ടും നല്‍കി ടീച്ചറായ ഭര്‍ത്താവും ഒപ്പം കൂടി. മാസം ഒരു ലക്ഷത്തോളം വരുമാനമാണ് ഇതുവഴി അനു നേടുന്നത്. 100 ശതമാനം പ്രകൃതിദത്തമായതിനാലും ഹോംമെയ്ഡ് ആയതിനാലും ഏതുപ്രായക്കാര്‍ക്കും ഈ പ്രൊഡക്ടുകള്‍ ഉപയോഗിക്കാമെന്നത് ഈ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിപ്പിക്കുന്നു.

ക്രാഫ്റ്റ് ടീച്ചറില്‍ നിന്നും ക്രാഫ്റ്റ്‌സ് വുമണിലേക്ക്

ക്രാഫ്റ്റ് ടീച്ചറായിരുന്ന അനു മകന്‍ ജനിച്ചതോടെ ജോലി ഉപേക്ഷിച്ചു. മകളെയും മകനെയും നോക്കി വീട്ടമ്മയായി ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സമയവും മനസില്‍ പല പല ചിന്തകള്‍ കടന്നുപോകുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാം എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്. ഈ സമയത്തായിരുന്നു ഹെയര്‍ ഓയില്‍ സംരംഭമെന്ന ആശയം പിറവിയെടുത്തത്. പരിചയക്കാര്‍ക്കിടയില്‍ മാത്രം വിതരണം ചെയ്ത ആ പ്രൊഡക്ട് ഉപയോഗിച്ചവര്‍ക്കൊക്കെ വളരെയധികം ഇഷ്ടമായി. അതോടെ അനുവിന്റെ ആത്മവിശ്വാസവും കൂടി. ഹെയര്‍ ഓയില്‍ വിജയിച്ചതോടെ കൂട്ടത്തില്‍ ഹെന്ന പേസ്റ്റും ഫേഷ്യല്‍ ഒയിലും ചെയ്‌തെടുത്തു. പ്രകൃതിദത്തമായതിനാല്‍ തന്നെ ഈ മൂന്നു പ്രൊഡക്ടുകളും ഒരു കൊല്ലത്തിനുള്ളില്‍ തന്നെ വളരെയധികം സ്വീകാര്യത ലഭിച്ചു.

അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ സൗന്ദര്യക്കൂട്ട്

അമ്മയില്‍ നിന്നും മറ്റും പകര്‍ന്നുകിട്ടിയ കൂട്ടില്‍ നിന്നും തന്റേതായ രീതിയില്‍ കുറച്ചുകൂടി ചേരുവകള്‍ ചേര്‍ത്തുകൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ് ഈ മൂന്നു ഉല്‍പ്പന്നങ്ങളും. ഇന്ന് കടയില്‍ കിട്ടുന്ന കെമിക്കലായിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിലൂടെ പല ചര്‍മ്മരോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. അതിന് പ്രതിവിധിയായിട്ടാണ് ഇത്തരം പ്രൊഡക്ടുകള്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഇതില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ പലതും വീട്ടില്‍ നിന്നു തന്നെ കൃഷി ചെയ്‌തെടുത്തിട്ടുള്ളവയാണ് എന്നതാണ് ഈ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ മികച്ചതാക്കുന്നത്.

ലാഭം ഒരു ലക്ഷത്തോളം

കുറഞ്ഞമുതല്‍ മുടക്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍വിജയം നേടാന്‍ ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. എല്ലാ ചെലവും കഴിച്ച് മാസം 80,000 രൂപ മുതല്‍ ഒരു ലക്ഷം വരെ നേടാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

കച്ചവടം ഓണ്‍ലൈന്‍ വഴി

ഹോം മെയ്ഡ് ആയതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴിയാണ് വിപണനം ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രം, ഫേസ്ബുക്ക് കൂടാതെ യൂടൂബ് എന്നിവയിലൂടെയാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇന്ത്യയിലെവിടെയാണെങ്കിലും കൊറിയര്‍ വഴി അയച്ചുകൊടുക്കുകയാചെയ്യുന്നത്. ഇന്ത്യയ്ക്കുപുറത്തും ആവശ്യക്കാര്‍ ധാരാളമാണ്. നേരിട്ട് കൊറിയര്‍ വഴി എത്തിച്ചുകൊടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പുറത്തുപോകുന്ന ആളുകളുടെ കൈയില്‍ കൊടുത്തയക്കുകയാണ് ചെയ്യുന്നത്.

ഗുണമേന്മയുള്ള പ്രൊഡക്ട് മിതമായ നിരക്ക്

മിതമായ നിരക്കിലാണ് അനു ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഹെയര്‍ ഓയില്‍ 100 മില്ലി ലിറ്റര്‍ ബോട്ടിലിന് വരുന്നത് 270 രൂപയാണ്. 200 മില്ലിക്ക് 535 രൂപയും 1 ലിറ്ററിന് 2650 രൂപയുമാണ് വരുന്നത്. ഫേഷ്യല്‍ ഓയിലിന് 200 രൂപയാ്ണ് ഈടാക്കുന്നത്. ഹെന്ന രണ്ടു തരത്തില്‍ ഉണ്ട്. അതില്‍ നരയില്ലാത്തവര്‍ ഉപയോഗിക്കുന്ന ഹെന്നയക്ക് 315 രൂപയും നരയില്ലാതാക്കാനായി ഉപയോഗിക്കുന്ന ഹെന്നയ്ക്ക് 395 രൂപയുമാണ് വരുന്നത്.

ഈ മൂന്നു പ്രൊഡക്ടുകള്‍ക്കു പുറമെ ഒരു ഫേസ്പാക്കുകൂടി ഈ സംരംഭത്തിന്റെ ഭാഗമാക്കാനുള്ള തിരക്കിലാണ് ഇവര്‍. കൂടാതെ ആമസോണിലും ഫളിപ്കാര്‍ട്ടിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും തുടങ്ങിവെച്ചിട്ടുണ്ട്. സ്വന്തമായൊരു വെബ്‌സൈറ്റ്് ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒരു സംരംഭം തുടങ്ങുമ്പോള്‍ ഒരുപാട് സംശയങ്ങളും പേടിയും നമുക്കുണ്ടാകും. എന്നാല്‍ ധൈര്യപൂര്‍വ്വം അതിലേക്കിറങ്ങിച്ചെന്ന് പൂര്‍ണ്ണമായി അതിനുവേണ്ടി പ്രയത്‌നിക്കുകയും ഗുണമേന്മയുള്ള സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്താല്‍ ഏതൊരു സംരംഭവും വിജയിക്കും എന്ന് തന്റെ അനുഭവത്തിലൂടെ കാണിച്ചുതരികയാണ് അനു തന്റെ ക്രാഫ്റ്റ്‌സ് വുമണിലൂടെ.