16 Dec 2023 7:03 AM GMT
Summary
- ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകൾ 2023 ല്‍ 189 എണ്ണം
- ചില സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
- അന്താരാഷ്ട്ര കമ്പനികളുമായി സഹകരണം
ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2014 ല്‍ 1 ആയിരുന്നത് 2023 ല്‍ 189 ആയി ഉയര്‍ന്നതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ പറഞ്ഞു. കൂടാതെ ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 124.7 മില്യണ്‍ ഡോളറായി ഉയര്‍ന്നതായും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമായി ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുളള ശ്രമത്തിലാണ്. ഈ ഉപഗ്രഹങ്ങള്‍ ക്യഷി, ദുരന്തനിവാരണം, പരിസ്ഥിതി നിരിക്ഷണം എന്നിവക്കായി ഉപയോഗിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐഎസ്ആര്‍ഒ ബഹിരാകാശ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും മെഷിന്‍ ലേണിംഗും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം(എന്‍ജിഇ) സാധ്യമാക്കുന്ന ഇന്ത്യന്‍ ബഹിരാകാശ നയം 2023 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തംകൊണ്ടുളള ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍
1.ചില സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഈ ഉപഗ്രഹങ്ങള്‍ കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം എന്നിവക്കായി ഉപയോഗിക്കും.
2.ഒരു എന്‍ജിഇ ആദ്യമായി ഐഎസ്ആര്‍ഒ കാമ്പസിനുള്ളില്‍ ഒരു സ്വകാര്യ ലോഞ്ച്പാഡും മിഷന്‍ കണ്‍ട്രോള്‍ സെന്ററും സ്ഥാപിച്ചു. ആ എന്‍ജിഇയുടെ ഉപഗ്രഹo വിക്ഷേപണത്തിന് തയ്യാറാകുന്നു.
3.സ്വകാര്യ കമ്പനികള്‍ സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയo നടത്തുന്നു. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി പങ്കെടുക്കുന്നു.
4.സ്വകാര്യമേഖലയില്‍ സാറ്റലൈറ്റ് ഇന്റഗ്രേഷനും ടെസ്റ്റിംഗ് സൗകര്യങ്ങളും വരുന്നു.
5.സാറ്റലൈറ്റ് സബ്‌സിസ്റ്റങ്ങളുടെയും ഗ്രൗണ്ട് സിസ്റ്റങ്ങളുടെയും പ്രാദേശിക നിര്‍മ്മാണം സ്വകാര്യമേഖല ഏറ്റെടുക്കുന്നു.
6.ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ അന്താരാഷ്ട്ര ബഹിരാകാശ സംഘടനകളുമായും കമ്പനികളുമായും സഹകരണത്തിലും പങ്കാളിത്തത്തിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.