20 Dec 2023 11:47 AM GMT
Summary
- വിദേശ വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന
- വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 68% വർധനവുണ്ട്
- വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത കുടിയേറ്റം സുഗമമാക്കുന്നു
കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുകയും ഒടുവിൽ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരികയാണ്. എന്തുകൊണ്ടാണ് പുതുതലമുറ കേരളം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ സ്ഥിര താമസമാക്കുന്നതെന്ന ചേദ്യത്തിന് പല കാരണങ്ങളുണ്ട്. വിദേശ ഉപരിപഠനത്തിന് മാർക്കോ സാമ്പത്തിക സ്ഥിതിയോ തടസ്സമില്ലെന്ന് അടുത്തയിടെ നടത്തിയ ഒരു പഠനം കണ്ടെത്തി.
“വിദേശ രാജ്യങ്ങളിൽ സ്ഥിര തമാസമാക്കാനുള്ള എളുപ്പമാർഗ്ഗമെന്ന നിലയിലാണ് പലരും പഠനത്തെ കാണുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ വിദേശ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കുറവാണ്. സംസ്ഥാനത്ത് നിന്ന് വിദേശ വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്,” സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) യൂത്ത് ലീഡർഷിപ്പ് ഫെല്ലോഷിപ്പിന്റെ ഭാഗമായി ഇത് സംബന്ധിച്ച് പഠനം നടത്തിയ സിറിൽ സെബാസ്റ്റ്യൻ പറഞ്ഞു.
വിദ്യാഭ്യാസ വായ്പകളുടെ ലഭ്യതയും കുടിയേറ്റം സുഗമമാക്കുന്നതിന് ട്രാവൽ ഏജൻസികൾ നൽകുന്ന പിൻതുണയും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തോട് പ്രതികരിച്ചവരിൽ 60% വിദ്യാർത്ഥികളും 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മാർക്കും കുടിയേറ്റത്തിന് തടസ്സമല്ല. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ 38% വിദ്യാർത്ഥികൾക്ക് 75% ൽ താഴെ മാർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പഠനം കണ്ടെത്തി.
യുകെ, കാനഡ, ജർമ്മനി, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കുടിയേറുന്നത്.
“അയൽപക്കത്തെയോ പിയർ ഗ്രൂപ്പിലെയോ ആരെങ്കിലും വിദേശത്തേക്ക് പോയാൽ, അത് ഒരു ചെയിൻ ആക്ഷൻ ആയി മാറുന്നു. ചെലവിനെ കുറിച്ചും ലഭ്യമായ കോഴ്‌സുകളെക്കുറിച്ചും ഉള്ള വിവരങ്ങൾ പിയർ ഗ്രൂപ്പുകൾക്കിടയിൽ പങ്കിടുന്നു. ബാങ്ക് വായ്പകൾ ലഭ്യമാണ്, ഇടത്തരക്കാർക്ക് തവണകളായി കടം തിരിച്ചടക്കാൻ കഴിയുന്നതിനാൽ ആളുകൾ അവ ഉപയോഗിക്കുന്നു. വികസിത രാജ്യങ്ങളിൽ സ്ഥിര താമസമാക്കുന്നതിനുള്ള ഏളുപ്പമാർഗ്ഗമായി വിദേശ വിദ്യാഭ്യാസം മാറിയിരിക്കുന്നു, ” കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) യുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബിനോയ് പീറ്റർ പറയുന്നു,
32% പെൺകുട്ടികൾ
2018-ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം വിദേശ കുടിയേറ്റത്തിൽ സ്ത്രീകളുടെ പങ്കാളിത്തം 15.8% ആയിരുന്നു. ഏറ്റവും പുതിയ സർവേയിൽ, മൊത്തം പ്രതികരിച്ചവരിൽ 32% പേർ വിദ്യാർത്ഥിനകളായിരുന്നു. കൊച്ചിയിലെ ഒരു ട്രാവൽ ഏജൻസി 2023 ജൂലൈയിൽ കാനഡയിലേക്ക് പോകുന്ന 7,236 വിദ്യാർത്ഥികൾക്ക് വിസ സൗകര്യമൊരുക്കി. ഇതിൽ 45% വിദ്യാർത്ഥിനികളായിരുന്നു. കേരളത്തിൽ നിന്ന് വിദേശ വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
വിദ്യാർത്ഥി കുടിയേറ്റത്തിലെ വൈവിധ്യം
വിവിധ കോഴ്സുകളിലേക്കാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളിൽ പ്രവേശനം തേടുന്നത്. ഇതിൽ സുരക്ഷിത ജോലി നേടാൻ ആഗ്രഹിക്കുന്നവർ മുതൽ സ്ഥിരതാമസത്തിന് അവകാശം നേടുന്നതിന് വേണ്ടി ഹ്രസ്വ കാല കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നവർ വരെ ഉൾപ്പെടുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 59% പേരും 23 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. വിദേശ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നവരിൽ ഭൂരിപക്ഷം മധ്യകേരളത്തിൽ നിന്നുള്ളവരാണ്.
ഈ വർഷം ഫെബ്രുവരിയിൽ പാർലമെന്റിന് മുമ്പാകെ വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച കണക്കുകൾ പ്രകാരം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 68% വർധനവുണ്ട്. 2021-ൽ 4,44,553 പേർ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയപ്പോൾ, 2022-ൽ അത് 7,50,365 ആയി ഉയർന്നു.