11 Oct 2023 5:49 AM
Summary
മക്കളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് വൃന്ദാവനിലെ ഓരോ പശുവിനെയും അമ്മു പരിപാലിക്കുന്നത്
കൊച്ചി നഗരത്തില്‍ മട്ടുപ്പാവിലും ഇത്തിരിപ്പോന്ന മുറ്റത്തും പച്ചക്കറി കൃഷി വിജയകരമായി നടത്തുന്നവരുടെ കഥ നമ്മളില്‍ പലരും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നഗരഹൃദയത്തില്‍ ഒന്നിലധികം പശുക്കളെ വിജയകരമായി പരിപാലിക്കുന്നവരുടെ കഥ നമ്മള്‍ അധികം കേട്ടുകാണില്ല. സ്ഥലപരിമിതി, സമയക്കുറവ് എന്നിങ്ങനെ പല കാരണങ്ങളായിരിക്കും തടസമായി നില്‍ക്കുന്നത്. ഇത്തരം പരിമിതികളെ അതിജീവിച്ച് ഒന്നിലേറെ പശുക്കളെ പരിപാലിച്ച് ധവളവിപ്ലവത്തിനു നേതൃത്വം നല്‍കുകയാണ് അമ്മു അജിത്ത്. കൊച്ചിയില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെ സിഇഒയാണ് അമ്മു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും 17 പശുക്കളെയാണ് അമ്മു പരിപാലിക്കുന്നത്.
ഗോക്കളെ മേയ്ക്കുന്ന വൃന്ദാവന്‍
കൊച്ചി നഗരത്തില്‍ ദിവാന്‍സ് റോഡിലാണ് അമ്മുവിന്റെ ഫാം സ്ഥിതി ചെയ്യുന്നത്. വൃന്ദാവന്‍ ഡയറി ഫാം എന്നാണ് പേര്. 17 പശുക്കളാണ് ഇവിടെയുള്ളത്. ഇവയില്‍ അഞ്ചെണ്ണം കിടാക്കളാണ്. സഹിവാള്‍ എന്നയിനം പശുക്കളാണ് ഇപ്പോള്‍ ഫാമിലുള്ളത്. ഇവയെ രാജസ്ഥാനില്‍ നിന്നാണ് കൊണ്ടുവന്നത്. കേരളത്തിലുള്ള നാടന്‍ ഇനങ്ങളും, കാസര്‍ഗോഡ് ഡ്വാര്‍ഫ്, വെച്ചൂര്‍ പശു എന്നീ ഇനങ്ങളെയും ഉടന്‍ ഫാമില്‍ കൊണ്ടുവരാനും അമ്മുവിനു പദ്ധതിയുണ്ട്.
പാലും പാല്‍ ഉല്‍പ്പന്നങ്ങളും
വൃന്ദാവന്‍ ഫാമില്‍ പത്ത് പശുക്കളിലാണ് കറവയുള്ളത്. ഒരു പശുവില്‍ നിന്ന് പ്രതിദിനം 10-12 ലിറ്റര്‍ പാല്‍ ലഭിക്കും. സാധാരണയായി കേരളത്തില്‍ വളര്‍ത്തുന്ന പശുക്കള്‍ പ്രതിദിനം 25-30 ലിറ്റര്‍ പാല്‍ ചുരത്തുന്നവയാണ്. ജഴ്‌സി, ബ്രൗണ്‍ സ്വിസ്, സിന്ധി എന്നിവയാണു കേരളത്തില്‍ പൊതുവേ വീടുകളില്‍ വളര്‍ത്തുന്നത്.
വൃന്ദാവന്‍ ഡയറി ഫാമില്‍ നിന്ന് ആവശ്യക്കാര്‍ക്ക് പാല്‍ എത്തിച്ചു നല്‍കുന്നുണ്ട്. നല്ല ശുദ്ധമായ പാല്‍ ലിറ്ററിന് 135 രൂപയാണു വില. ഫാമില്‍ നേരിട്ട് എത്തുന്നവര്‍ക്കും പാല്‍ ലഭിക്കും. പാലിന് പുറമെ മോര്, നെയ്യ് എന്നിവയും വില്‍ക്കുന്നുണ്ട്.
ആരോഗ്യസമ്പുഷ്ടം
സങ്കരയിനം, വിദേശയിനം പശുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ സഹിവാല്‍ പശുവിന്റെ പാല്‍ ആരോഗ്യസമ്പുഷ്ടമാണ്. എന്നാല്‍ ഇവ പാല്‍ ചുരത്തുന്നത് കുറവാണ്. പരമാവധി 15 ലിറ്റര്‍ പാലാണ് ഇവയില്‍ നിന്നും പ്രതിദിനം ലഭിക്കുന്നത്.
മനസ്സിലുണ്ട് ഫാം ടൂറിസം
മക്കളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് വൃന്ദാവനിലെ ഓരോ പശുവിനെയും അമ്മു പരിപാലിക്കുന്നത്. ഓരോ പശുവിനും പേരും നല്‍കിയിട്ടുണ്ട്. സുന്ദരി, ദുര്‍ഗ, രാധ, മീര, ലക്ഷ്മി എന്നിങ്ങനെ പോകുന്നു പശുക്കളുടെ പേര്.
സമീപഭാവിയില്‍ ഫാം വിപുലീകരിക്കാന്‍ അമ്മുവിനു പദ്ധതിയുണ്ട്. വൈറ്റിലയില്‍ മെച്ചപ്പെട്ട സ്ഥലസൗകര്യത്തില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്താനാണ് ലക്ഷ്യം.
പശുക്കളുമായി സമയം ചെലവഴിക്കുമ്പോള്‍ തെറാപ്പി ചെയ്യുന്ന ഫലമാണ് ലഭിക്കുകയെന്ന് അമ്മു പറയുന്നു. ഫാം വിപുലീകരിച്ചു കഴിയുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അവരുടെ സമയം ഫാമില്‍ പശുക്കളോടൊത്ത് ചെലവഴിക്കാനുള്ള സൗകര്യമൊരുക്കാനും അമ്മുവിനു പദ്ധതിയുണ്ട്. അമ്മുവിന്റെ സംരംഭത്തിന് എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് സന്തോഷും മൂന്നു മക്കളുമുണ്ട്.