27 July 2023 3:15 PM IST
Summary
- ആദ്യ കപ്പല്‍ ചൈനയില്‍ നിന്ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറിലെത്തുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായുള്ള പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൈനയില്‍ നിന്നുമാണ് കപ്പല്‍ വിഴിഞ്ഞത് എത്തുക.
54 ലക്ഷം ടണ്‍ പാറ സംഭരിക്കുകയും 49 ലക്ഷം ടണ്‍ നിക്ഷേപിക്കുകയും ചെയ്തു. നിലവില്‍ ആവശ്യമായ 26 ലക്ഷം ടണ്‍ പാറക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിയും സംസ്ഥാനത്തെ അനുവദനീയമായ ക്വാറികള്‍ ഉപയോഗിച്ചും പാറ ലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യും. പവര്‍ സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ആദ്യ കപ്പല്‍ എത്തുന്നതിനു മുന്‍പായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സി ഇ ഒയും എം ഡിയും ചൈന സന്ദര്‍ശിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എം ഡി അഥീല അബ്ദുള്ള പങ്കെടുത്തു.