30 April 2024 11:19 AM IST
വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം, ചരക്ക് നീക്കത്തിൽ കേരളത്തിന് നേട്ടം
MyFin Desk
Summary
ഒരു കപ്പലിൽ നിന്നും മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റി ചരക്ക് നീക്കം നടത്തുന്ന തുറമുഖങ്ങൾക്കാണ് ട്രാൻസ്ഷിപ്പ്മെന്റ് പദവി ലഭിക്കുക
വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിന്റെ നിർണായക കേന്ദ്രമായി പ്രവർത്തിക്കാൻ കഴിയുന്ന അവസരമാണ് ട്രാൻസ്ഷിപ്പ്മെന്റ് പദവിയിലൂടെ വിഴിഞ്ഞത്തിനു ലഭിച്ചിരിക്കുന്നത്.
ഒരു കപ്പലിൽ നിന്നും മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റി ചരക്ക് നീക്കം നടത്തുന്ന തുറമുഖങ്ങൾക്കാണ് ട്രാൻസ്ഷിപ്പ്മെന്റ് പദവി ലഭിക്കുക. ഇത്തരം തുറമുഖങ്ങളിൽ വിദേശ ഷിപ്പിംഗ് കമ്പനികൾക്കും പ്രവർത്തിക്കാൻ കഴിയുന്നതാണ്.
ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദവി ലഭിച്ച പശ്ചാത്തലത്തില്‍ വൈകാതെ കസ്റ്റംസിന്റെ ഓഫീസ് വിഴിഞ്ഞം തുറമുഖത്ത് തുറക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് ആന്‍ഡ് കസ്റ്റംസില്‍ (CBIC) നിന്ന് മൂന്നുമാസത്തിനകം ഉണ്ടായേക്കും.
ട്രാൻസ്ഷിപ്പ്മെന്റ് പദവിയിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ ചെറുകപ്പലുകളിൽ എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞം തുറമുഖത്ത് വെച്ച് വലിയ മദർഷിപ്പുകളിലേക്ക് മാറ്റാനും വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനും കഴിയുന്നതാണ്. ഇതേ രീതിയിൽ തന്നെ വിദേശത്തുനിന്നും മദർഷിപ്പുകളിൽ എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും ഇന്ത്യയിലെ പ്രാദേശിക തുറമുഖങ്ങളിലേക്കും വിഴിഞ്ഞത്തു നിന്നും അയക്കാൻ കഴിയും.
നിലവിൽ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിലെ ട്രാൻസ്ഷിപ്മെന്റിന്റെ 75 ശതമാനവും നടക്കുന്നത് വിദേശത്താണ്. കൊളംബോ, സിങ്കപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്കാണ് ഇതിന്റെ നേട്ടം. തുറമുഖം സജ്ജമാകുന്നതോടെ രാജ്യത്ത് കപ്പൽവഴിയുള്ള ചരക്കുനീക്കത്തിന്റെ കവാടമായി വിഴിഞ്ഞം മാറും.