image

2 Oct 2023 5:11 PM IST

Kerala

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ നല്‍കും: മുഖ്യമന്ത്രി

MyFin Desk

pinarayi vijayan youth
X

Summary

  • ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചിട്ടുണ്ട്.


സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 30 വയസിനു മുകളിലുള്ള ഏഴ് ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്തനാര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. കാന്‍സറും ജീവിത ശൈലി രോഗമാണ്. ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചിട്ടുണ്ട്. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്, ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.