Summary
- ലയനവും ഏറ്റെടുക്കലും പോലുള്ള നീക്കങ്ങൾ കമ്പനിക്ക് ഗുണകരമായി
- സൺ ഫ്ളയിം എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയത് 680.33 കോടി രൂപക്ക്
- ഇറക്കുമതിയിലും ഔട്സോഴ്സിങ്ങിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇൻ ഹൌസ് ഉത്പാദനത്തിലേക്കുള്ള ചുവട് മാറ്റം
ഇലക്ട്രോണിക്സ്, ഗൃഹോപകരണ മേഖലയിലെ മുൻനിരക്കാരായ വി ഗാർഡ് ഇൻഡസ്ട്രീസിനു നേട്ടങ്ങളുടെ ഒരു വർഷമാണ് കഴിഞ്ഞുപോയതു.. ഈ കാലഘട്ടത്തിൽ കമ്പനി അതിന്റെ വിപണിസാന്നിധ്യം വിപുലമാക്കാൻ പല ഏറ്റെടുക്കലുകളും, ലയനങ്ങളും നടത്തി. അതുപോലെ തന്നെ ഇറക്കുമതിയും, ഔട്ട്സോഴ്സിങ്ങും കുറയ്ക്കുന്നതിന്റെ ഭാഗമായി,കമ്പനി അതിന്റെ സ്വയമുല്പാദനം കൂട്ടി.
സൺഫ്ലെയിം ഏറ്റെടുത്തു
ഇന്ത്യയിലെ മുൻനിര കിച്ചൻ ബ്രാന്ഡുകളിലൊന്നായ സൺ ഫ്ലെയിമിന്റെ ഏറ്റെടുക്കൽ വി ഗാർഡിന്റെ തന്ത്രപരമായ ഒരു നീക്കമായിരുന്നു. സൺ ഫ്ളയിം എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ 680.33 കോടി രൂപക്ക് വി ഗാർഡ് സ്വന്തമാക്കിയത്. ഇത് വി ഗാർഡിന്റെ സാന്നിധ്യം ദേശീയ വിപണിയിൽ വ്യാപിക്കാൻ സഹായിച്ചു. .
സൈമൺ ഇന്ത്യയുടെ ലയനം
സൈമൺ ഇന്ത്യയുടെ വി ഗാർഡുമായുള്ള ലയനം കമ്പനിയുടെ മറ്റൊരു സുപ്രധാന നീക്കമായി കണക്കാക്കാം. മോഡുലാർ സ്വിച്ച് ബിസിനസ് രംഗത്ത് കമ്പനിയുടെമികച്ച നിക്ഷേപമായി ഇതിനെ കാണാം. വി ഗാർഡിന്റെ നിലവിലെ സ്വിച്ച് ബിസിനസിനെ കൂടുതൽ വിപുലീകരിക്കാൻ ഇത് സഹായകരമായി. സൈമൺ ഇന്ത്യ ലയനം ഈ മേഖലയിലെ വിപണിയിൽ ശക്തമായ ഒരു സാന്നിധ്യമാവാൻ വിഗാർഡിനു കഴിയുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു
ഗട്ട്സ് ഇലക്ട്രോ-മെക്ക് പ്രൈവറ്റ് ലിമിറ്റഡ്
ഗട്ട്സ് ഇലക്ട്രോ മെക്ക് കമ്പനി ഏറ്റെടുക്കലും 2022 -23 സാമ്പത്തിക വര്ഷം കമ്പനി പൂർത്തിയാക്കി. കമ്പനിയുടെ 100 ശതമാനം ഓഹരികളും കൈവശമാക്കിയായിരുന്നു കമ്പനിയുടെ നീക്കം. കമ്പനിയുട തന്ത്രപ്രധാനമായ ഏറ്റെടുക്കൽ സ്വിച്ച് ഗീയർ പോർട്ട്ഫോളിയോയെ വിപുലീകരിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ മേഖലയിലെ മത്സര വിപണിയിൽ ശക്തമായ ഒരു സാന്നിധ്യമാവാൻ സാധിക്കുമെന്നും കമ്പനി ഉറച്ച് വിശ്വസിക്കുന്നു.
2017 ഓഗസ്റ്റിൽ തന്നെ ഗട്ട്സ് ഇലക്ട്രോ മെക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ക്യാപിറ്റലിന്റെ 74 ശതമാനം ഓഹരികൾ പഴയ പ്രൊമോട്ടർമാരിൽ നിന്നും അവരുടെ അസ്സോസിയേറ്റുകളിൽ നിന്നും പുതിയ ഷെയറുകളുടെ സബ് സ്ക്രിപ്‌ഷൻ സ്ക്രീ വഴിയും കമ്പനി സ്വന്തമാക്കിയിരുന്നു. മുൻ പ്രൊമോട്ടറായ അരുൺകുമാറിന്റെ കൈവശമുണ്ടായിരുന്ന ബാക്കി 26 ശതമാനം ഓഹരികളും 2022 -23 ൽ വി ഗാർഡ് സ്വന്തമാക്കി.
കടബാധ്യത കൂടി
ഒരു കടരഹിത അല്ലെങ്കിൽ കട ബാധ്യതകൾ വളരെ കുറഞ്ഞതോ ആയ ഒരു കമ്പനി ആയിരുന്നു വി ഗാർഡ്.അടുത്തകാലം വരെ, എന്നാൽ ഈ ഏറ്റെടുക്കലുകളുടെയും , ലയനങ്ങളുടെയും, വിപുലീകരണ പദ്ധതികളുടെയും ഫലമായി 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനിയുടെ കടം തലേവര്ഷത്തെ (2021 -22 ) 10 കോടിയിൽ നിന്ന് 419.61 കോടിയായി കുത്തനെ ഉയർന്നു.
സ്വയമുല്പാദനത്തിലേക്കുള്ള ചുവട് മാറ്റം
കഴിഞ്ഞ കുറച്ച് കാലമായി ഔട്സോർസിങ് രീതിയിൽ നിന്നും ഇൻ ഹൌസ് നിർമാണത്തിലേക്കു കമ്പനി വലിയ ചുവട് മാറ്റം നടത്തി. ഇതുമൂലം ഉത്പന്നങ്ങളുടെ നിർമാണ ചെലവ് കുറച്ചും, ഗുണമേന്മകൂട്ടിയും, പുതിയ മോഡലുകൾ ഇറക്കിയും കമ്പനിക്കു വിപണിയിൽ നല്ല മത്സരം കാഴ്ച വെക്കാനും, ഇറക്കുമതിയെ ആശ്രയിക്കുന്നത് വലിയ തോതിൽ കുറയ്ക്കാനും കഴിയുമെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കമ്പനിയുടെ സ്വയമുല്പാദനം ശക്തിപ്പെടുത്താൻ വി ഗാർഡ് അടുത്തിടെ സീലിംഗ് ഫാനുകൾക്കായി റൂർക്കിയിലുംസ്റ്റെബിലൈസറുകൾക്കും ഇൻവെർട്ടറുകൾക്കുമായി പന്ത്നഗറിലും അത്യാധുനിക പ്ലാന്റുകൾ കമ്മിഷൻ ചെയ്തിട്ടുണ്ട്. അടുക്കള ഉപകരണങ്ങൾ ,ബാറ്ററികൾ .ടേബിൾ ,വാൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവക്കായി മൂന്ന് പ്ലാന്റുകൾ കൂടി പദ്ധതിയിലുണ്ടെന്നും കമ്പനി പറയുന്നു.
രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഔട്സോഴ്സിങ് സെന്ററുകൾ ക്രമേണ ഇൻ ഹൌസ് മാനുഫാക്ച്വറിങ് യൂണിറ്റുകളായി രൂപാന്തരപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം