10 March 2025 7:46 PM IST
വിഴിഞ്ഞം തുറമുഖം; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി, ചെലവ് 10000 കോടി
MyFin Desk
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നർ ടെർമിനൽ 1200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർദ്ധിപ്പിക്കും കണ്ടെയ്‌നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റർ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കൽ 7.20 Mm3 അളവിൽ ഡ്രഡ്ജിംഗ് എന്നിവ ഉൾപ്പെടുന്നു. ഇതോടെ വിഴിഞ്ഞം പദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനു സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെയായി ഉയർത്താൻ സാധിക്കും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.