25 July 2023 1:45 PM IST
Summary
- ടിക്കറ്റ് വില 500 രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ് നടക്കുക.
നിലവില്‍ 7000 കോടി രൂപ സമ്മാന തുകയായി പ്രതിവര്‍ഷം ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവനോപാധിയുമാണ്. കാരുണ്യ പോലെയുള്ള ചികില്‍സാ പദ്ധതികള്‍ക്കും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം പ്രയോജനപ്പെടുത്തുന്നു.
സമ്മാനാര്‍ഹരുടെ എണ്ണത്തിലെ വര്‍ധന ഭാഗ്യക്കുറിയുടെ ജനകീയത കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ലോട്ടറി മേഖലയില്‍ തൊഴിലെടുക്കുന്ന ശാരീരിക പരിമിതികളുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ലോട്ടറി ഓഫീസുകള്‍ പരമാവധി താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന് ഭാഗ്യക്കുറിയാണ്.
ചാടിനടക്കണ പുല്‍ച്ചാടി
പച്ചപ്പുല്‍ച്ചാടിയെ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യചിഹ്നമായി പ്രഖ്യാപിച്ചത്. സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമെന്ന പരമ്പരാഗത സങ്കല്‍പ്പമാണ് പച്ചക്കുതിരയെ ഭാഗ്യചിഹ്നമാക്ക മാറ്റിയത്. പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ ഉയരുന്നുണ്ടെങ്കിലും കാര്‍ഷിക കേരളത്തിന്റെ മാപ്പില്‍ പണ്ടു മുതലേ പച്ചക്കുതിര സ്ഥാനം പിടിച്ചിട്ടുണ്ട്.
പച്ചക്കുതിരയെ ഭാഗ്യമുദ്രയായി രൂപകല്‍പന ചെയ്തിരിക്കുന്നത് കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ്. സത്യപാല്‍ ശ്രീധറാണ് ലോഗോയുടെ സ്രഷ്ടാവ്.