20 Dec 2023 7:53 AM GMT
Summary
- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1023 കോടി രൂപയാണ് കെ എസ് ഇ ബി യുടെ നഷ്ടം
- കേന്ദ്ര സര്‍ക്കാരുമായുള്ള വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി
- 5000 കോടി രൂപയോളം കടമെടുക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ
കെ എസ് ഇ ബിയുടെ 767 കോടി രൂപ നഷ്ടം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി റിപ്പോട്ട്. കെഎസ്ഇബി നഷ്ടത്തിലായാല്‍ നഷ്ടത്തിന്റെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര സര്‍ക്കാരുമായുള്ള വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ 5000 കോടി രൂപയോളം കടമെടുക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
15ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശ പ്രകാരം ഊര്‍ജ മേഖലയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ജിഎസ്ഡിപിയുടെ അര ശതമാനം തുക അധികം കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കാറുണ്ട്.
കെഎസ്ഇബി നഷ്ടത്തിലായാല്‍ നഷ്ടത്തിന്റെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ അനുമതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1023 കോടി രൂപയാണ് കെ എസ് ഇ ബി യുടെ നഷ്ടം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിന്റെ 75 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്താലേ ഈ വര്‍ഷം അധിക കടമെടുപ്പ് സാധിക്കൂ. അതിനാലാണ് 767 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കരുതെന്നും നഷ്ടം നികത്തി പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നടപടികള്‍ കെഎസ്ഇബി കൈക്കൊള്ളണമെന്നും ധനവകുപ്പ് ഉത്തരവില്‍ പറയുന്നു.