25 Oct 2023 11:37 AM IST
Summary
- . നവംബർ 9 തിനും 15 നും ഇടയിൽ കപ്പൽ വിഴിഞ്ഞം തീരത്ത് എത്തിച്ചേരും
- യാഡിൽ ഉപയോഗിക്കുന്ന ആറ് ക്രയിനുകളുമായിട്ടാണ് രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി രണ്ടാമത്തെ കപ്പൽ ഷെൻ ഹുവാ 29 ചൈനയിൽ നിന്ന് പുറപ്പെട്ടു. നവംബർ 9 തിനും 15 നും ഇടയിൽ കപ്പൽ വിഴിഞ്ഞം തീരത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെയ്‌നുകളുമായി ആദ്യമെത്തിയ ഷെൻ ഹുവാ 15 ഉടേന തീരം വിടും. ഷെൻ ഹുവാ 15 ൽ ഉണ്ടായിരുന്ന മൂന്നാമത്തെ ക്രെയിൻ ഇന്നലെ ബർത്തിൽ ഇറക്കി.
കഴിഞ്ഞ 12 നാണ് ആദ്യകപ്പൽ എത്തിയതെങ്കിലും സർക്കാരിന്റെ ഔദ്യോഗികമായ സ്വീകരണ പരിപാടികൾ 15 ന് ആയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും കപ്പലിലുണ്ടായിരുന്ന ചൈനീസ് പൗരൻമാരെ തുറമുഖത്ത് ഇറക്കുന്നതിലുണ്ടായ നിയമ പ്രശ്നങ്ങളും കാരണം ക്രെയിനുകൾ ബർത്തിൽ ഇറക്കുന്നതിൽ കാലതാമസമുണ്ടായി.
യാഡിൽ ഉപയോഗിക്കുന്ന രണ്ടു റെയിൽ മൗണ്ടഡ് ഗാൻഡ്രി ക്രെയ്‌നുകളാണ് ആദ്യം ഇറക്കിയത്. ഇന്നലെ വലിയ റെയിൽ മൗണ്ടഡ് ക്വേയ് ക്രയിനും ഇറക്കി. ബർത്തിൽ ഉപയോഗിക്കേണ്ടതിനാൽ വലിയ ക്രെയിൻ ബർത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. യാഡിൽ ഉപയോഗിക്കുന്ന ആറ് ക്രയിനുകളുമായിട്ടാണ് രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. ആദ്യ കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തിച്ചേർന്നത്. എന്നാൽ രണ്ടാമത്തെ കപ്പൽ നേരിട്ട് എത്തുമെന്നതാണ് പ്രതേകത.