17 Jan 2024 1:28 PM GMT
Summary
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്
- മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
- ആദ്യഘട്ടത്തിൽ 42 മത്സ്യഗ്രാമങ്ങളിൽ 6,300 പാരുകൾ നിക്ഷേപിക്കും
മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിഴിഞ്ഞം ഹാര്‍ബറിലെ നോര്‍ത്ത് വാര്‍ഫില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃത്രിമപാരുകള്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃത്രിമപാരുകള്‍ സ്ഥാപിക്കാന്‍ 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്. മോഡ്യൂളുകള്‍ നശിച്ച് പോകാതിരിക്കാന്‍ ജി.പി.എസ് സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ 12 മുതല്‍ 15 വരെ ഫാദം ആഴത്തിലാണ് കടലിന്റെ അടിത്തട്ടില്‍ ഇവ നിക്ഷേപിക്കുന്നത്.