12 Aug 2024 7:16 AM GMT
സംസ്ഥാനത്ത് ബ്രോയിലർ കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഇതോടെ ഒരുകിലോക്ക് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 100 മുതൽ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതൽ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്. പ്രാദേശിക ഉൽപ്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് കൂടിയതുമാണ് വില കുറയാൻ കാരണം.
വില ഇടിഞ്ഞതോടെ കോഴി വിൽപ്പനയും ഇരട്ടിയായി. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്. വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസങ്ങളിൽ കോഴി വിലയിലുണ്ടായ വർധനയെത്തുടർന്നു ഫാമുകളിൽ വൻതോതിൽ കോഴി വളർത്തൽ നടന്നിരുന്നു. ഇവർക്കെല്ലാം വിലയിലുണ്ടായ ഇടിവ് വൻ തിരിച്ചടിയായിട്ടുണ്ട്.
60 മുതൽ 65 രൂപക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.