20 Dec 2023 1:29 PM
Summary
- ഗുരുവായൂര്‍ നഗരസഭയുടെ ഉപജീവന കേന്ദ്രമാണ് നേട്ടം കരസ്ഥമാക്കിയത്
- നഗരസഭ കുടുംബശ്രീക്ക് കൈമാറിയ കെട്ടിടത്തിലാണ് ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്
- വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് വരുമാനം നേടാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യം
കുടുംബശ്രീ നടത്തുന്ന ഗുരുവായൂര്‍ നഗരസഭയുടെ ഉപജീവന കേന്ദ്രം ഒരു വര്‍ഷം കൊണ്ട് നേടിയത് ഒരു കോടി രൂപയിലധികം വരുമാനം. ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീക്ക് കൈമാറിയ കെട്ടിടത്തിലാണ് ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ നടത്തിപ്പിന് പ്രതിമാസം 2.5 ലക്ഷം രൂപ നിരക്കില്‍ ഒരു വര്‍ഷം 30 ലക്ഷം രൂപയ്ക്കാണ് പുറത്തു നിന്നും ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് കുടുംബശ്രീ മുന്നോട്ടു വന്നതിനാല്‍ കരാര്‍ കുടുംബശ്രീക്ക് നല്‍കാമെന്ന് നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം ഉപജിവന കേന്ദ്രത്തിനു ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം നഗരസഭയ്ക്കും 50 ശതമാനം കുടുംബശ്രീക്കും ലഭിക്കും. ഇതുവരെ ലഭിച്ച വരുമാനത്തില്‍ നിന്നും 41,44,010 രൂപ കുടുംബശ്രീ ഇതിനകം നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ട്. പുറം കരാറിനേക്കാള്‍ 11,44,010 രൂപയാണ് നഗരസഭയ്ക്ക് അധികം ലഭിച്ചത്.
2022 നവംബര്‍ 17നാണ് ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ 7 കോടി രൂപ ചെലവില്‍ നിര്‍മിച്ച നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. വനിതകള്‍ക്ക് പ്രാദേശികമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് വരുമാനം നേടാന്‍ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില്‍ മൂന്നു ഷിഫ്റ്റിലായി 32 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ക്ലോക്ക് റൂം, 32 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഡോര്‍മെറ്ററി, ഫ്രഷ് അപ് സൗകര്യങ്ങള്‍, നാല്‍പ്പത് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്. നാല്‍പ്പത് ശുചിമുറികളും എട്ട് ഡ്രസ്സിങ്ങ് റൂമുകളും ഉണ്ട്.