12 Feb 2024 12:46 PM GMT
Summary
- ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം
- നിലവിലെ റോഡുകളുടെ വീതികൂട്ടി ഗതാഗതസൗകര്യം മെച്ചപ്പെടുത്തും
- പതിനൊന്നിൽ ഏഴ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമെടുപ്പ് പൂർത്തിയായി.
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൊച്ചി മെട്രോ ഫേസ് 2 വിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കന്നതിനുള്ള നടപടികൾ സ്വീകരി ക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
മെട്രോ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ റോഡുകളുടെ വീതികൂട്ടി ഗതാഗതസൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. ഗതാഗത തടസം ഒഴുവാക്കുന്നതിന് ബസുകൾ, ആംബുലൻസുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് മറ്റ് റോഡുകൾ സജ്ജീകരിക്കും.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട്, ചിറ്റേത്തുകര വഴി ഇൻഫോപാർക്കിലേക്കുള്ള മെട്രോ സർവീസിൽ 11 സ്റ്റേഷനുകളാണ് ഒരുക്കുക. അതിൽ ഏഴ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമെടുപ്പ് പ്രക്രിയ പൂർത്തിയായി.
കളക്ടറുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ ടി. ജി. ഗോകുൽ, പിഡബ്ല്യുഡി റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം തോമസ് , റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി അനന്തകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ബസ്, ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.