3 Jan 2024 12:28 PM GMT
Summary
- നിയമലംഘനങ്ങള്‍ക്ക് അയക്കുന്ന പ്രതിദിന നോട്ടീസുകളുടെ എണ്ണം 14,000 ആയി കുറഞ്ഞു
എഐ ക്യാമറ പദ്ധതിയുമായി ബദ്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് കരാര്‍ തുകയിൽ കുടിശിക വന്നതോടെ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെയാണ് പിന്‍വലിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്ന മൂന്ന് മുതല്‍ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു.
ദിവസങ്ങളായി പല കണ്‍ട്രോള്‍ റൂമുകളിലും ജീവനക്കാര്‍ എത്തിയിട്ടില്ലന്നാണ് റിപ്പോട്ടുകള്‍. പ്രവര്‍ത്തനം തുടങ്ങി ആറുമാസം പിന്നിട്ടിട്ടും കരാര്‍ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11 കോടി രൂപ കെൽട്രോണിന് നൽകണമെന്നാണ് സർക്കരുമായുള്ള കരാർ.
നിലവില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രമാണുളളത്. ഇതോടെ നിയമലംഘനങ്ങള്‍ക്ക് അയക്കുന്ന പ്രതിദിന നോട്ടീസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. കൂടാതെ കണ്‍ട്രോണ്‍ റൂമിലെ 44 ജീവനക്കാരെയും പിന്‍വലിച്ചിട്ടുണ്ട്.
എ.ഐ ക്യാമറ പ്രതിസന്ധിയില്‍ ഉടൻ പരിഹാരം കാണുമെന്നും കെല്‍ട്രോണിന് കുടിശ്ശികയുളള പണം നല്‍കുന്ന കാര്യത്തില്‍ ധനമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.