image

8 Dec 2023 10:44 AM GMT

Kerala

കരിപ്പൂർ ഉൾപ്പെടെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്

MyFin Desk

Karipur airport will be in private sector
X

Summary

  • 2025 നുള്ളില്‍ ഇവ സ്വകാര്യവത്ക്കരിക്കും
  • 2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചു
  • 125 വിമാനത്താവളങ്ങളില്‍ ലാഭത്തിലുള്ളത് 18 എണ്ണം മാത്രം


രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025 നുള്ളില്‍ ഇവ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപവും ലക്ഷ്യമിട്ടാണ് സ്വകാര്യവത്കരിക്കുന്നത്.

കേരളത്തിലെ കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളവും പട്ടികയിലുണ്ട്. നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗലാപുരം രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.

ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, ട്രിച്ചി, ഇന്‍ഡോര്‍, റായ്പൂര്‍, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍ രാജമുന്ദ്രി തുടങ്ങിയവയാണ് സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങളുള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ 85 ശതമാനവും നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തിലുള്ളത് 18 എണ്ണം മാത്രമാണ്.

സ്വകാര്യ പങ്കാളിത്തമുള്ള 14 വിമാനത്താവളങ്ങളില്‍ മൂന്നെണ്ണമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂര്‍ 528.31 കോടി, കൊച്ചി 267.17 കോടി, ഹൈദരാബാദ് 32.99 കോടി എന്നിങ്ങനെയാണ് ലാഭ കണക്ക്.

ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അഹമ്മദാബാദ് എയര്‍പോര്‍ട്ടിനാണ് 408.51 കോടിയുടെ നഷ്ടമാണ് വിമാനത്താവളത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ വിമാനത്താവളത്തിന് 131.98 കോടിയാണ് നഷ്ടം നേരിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.