image

29 Dec 2023 11:58 AM GMT

Kerala

കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ തള്ളി കേന്ദ്ര സർക്കാർ

MyFin Desk

കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ തള്ളി കേന്ദ്ര സർക്കാർ
X

Summary

  • വികസന പദ്ധതികളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുക നിഷേധിച്ചിരിക്കുന്നത്
  • അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണ്
  • ബ്രാന്റിംഗ് അടക്കമുളള നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്


കേരളത്തിനുളള ദീര്‍ഘകാല വായ്പ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് മൂലം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനം നല്‍കിയ 2044 കോടിക്കുള്ള അപേക്ഷയാണ് ബ്രാന്റിംഗ് അടക്കമുളള നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരിക്കുന്നത്.

ബ്രാന്റിംഗ് നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ ഇതില്‍ തീരുമാനം എടുക്കും മുന്‍പാണ് തിരിച്ചടവ് ബാധ്യതയുള്ള തുക പോലും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ക്യാപക്‌സ് ഫണ്ട് അടക്കം വിവിധ പദ്ധതികള്‍ക്ക് 5891 കോടി കേന്ദ്രസര്‍ക്കാര്‍ കുടിശിക തുക നല്‍കാനുണ്ട്. കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്.

ആയുഷ്മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പോഷന്‍ അഭിയാന്‍ മിഷന്‍,സ്വച്ഛ് ഭാരത് മിഷന്‍, തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ബ്രാന്റിംഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്ര പദ്ധതി എന്ന് എഴുതിവയ്ക്കാനാകില്ലെന്നാണ് സംസ്ഥാന നിലപാട്.

കൊവിഡ് കാലഘട്ടത്തിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായാണ് രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകള്‍ അനുവദിക്കുന്നത്.ഈ പാക്കേജുകള്‍ പ്രകാരം കിഫ്ബിയും വിഴിഞ്ഞവും അടക്കമുളള വികസന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേരളം 2088 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതില്‍ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് വികസന പദ്ധതികളില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ തുക നിഷേധിച്ചിരിക്കുന്നത്.