5 Aug 2023 10:30 AM
Summary
- അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവ്
ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയര്‍ ഈ മാസം 18 മുതല്‍ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോംബോ ഓഫറുകള്‍ അടക്കം വലിയ ഓഫറുകളാണ് നല്‍കുന്നത്. ഇതു പ്രകാരം അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
250 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്ത് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. ഓണം പ്രമാണിച്ച് 6120 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും 600 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടണ്‍ പഞ്ചസാരയും 15880 മെട്രിക് ടണ്‍ വിവിധ തരം അരികളും 40 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.
പരിപാടി ഈ മാസം 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങള്‍ 23 നുമാണ്.
സപ്ലൈകോയില്‍ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വില്‍പനശാലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മാസത്തിലെ അവസാന നാളുകളില്‍ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ടെന്നും, ഇതല്ലാതെ മറ്റു തരത്തില്‍ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
2022 ല്‍ ഒരു മാസം സപ്ലൈകോ വില്‍പ്പനശാലകളിലെ ശരാശരി വില്‍പന 250-252 കോടി ആയിരുന്നത് 2023 ല്‍ 270 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ ഒരു മാസം 45 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓണം പ്രമാണിച്ച് ആഗസ്റ്റില്‍ റേഷന്‍ കടയിലൂടെയുള്ള അരി വിതരണം 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന രീതിയിലായിരിക്കും. പുഴുക്കലരിയില്‍ വടക്കന്‍ ജില്ലകളില്‍ ബോയില്‍ഡ് റൈസും തെക്കുള്ള ഏഴ് ജില്ലകളില്‍ ചമ്പാവരിയുമാണ് വിതരണം ചെയ്യുക.
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 27, 28 തീയതികളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ക്ക് 29, 30, 31 തിയതികളില്‍ അവധിയായിരിക്കും. മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഓണ ഫയറില്‍ ഉണ്ടാവും. കൂടാതെ പ്രാദേശിക കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും.